കുവൈത്തിൽ ലഹരി ഉപയോഗത്തിന് ഇളവില്ല; പിടിയിലായ നാല് പ്രവാസികൾക്ക് രാജ്യം വിടേണ്ടി വരും

കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല എന്നീ പ്രദേശങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ വ്യാജമദ്യവും കഞ്ചാവുമായി നാല് വിദേശികൾ പിടിയിലായി. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഇവരെ നാടുകടത്താൻ തീരുമാനിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രണ്ട് വ്യത്യസ്ത റെയ്ഡുകളിലായാണ് അറസ്റ്റ് നടന്നത്. ഫർവാനിയയിൽ നടത്തിയ പരിശോധനയിൽ രണ്ട് വിദേശികളിൽ നിന്ന് തദ്ദേശീയമായി നിർമ്മിച്ച ഏഴ് കുപ്പി വ്യാജമദ്യം സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് വിദേശികളെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ നാല് പേരെയും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. അവിടെ നടത്തിയ അന്വേഷണത്തിൽ ഇവർ മയക്കുമരുന്ന് വിൽപ്പനയിലോ വിതരണത്തിലോ ഏർപ്പെട്ടിരുന്നവരല്ലെന്നും, സ്വന്തം ആവശ്യത്തിനായി ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നവരാണെന്നും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി ദീർഘമായ നിയമനടപടികൾ തുടരുന്നതിനുപകരം, ഇവരെ നേരിട്ട് നാടുകടത്താൻ അധികൃതർ തീരുമാനിച്ചു. കൂടാതെ ഇവരുടെ പേരുകൾ കുവൈത്തിന്റെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇതോടെ ഭാവിയിൽ ഇവർക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. സ്വന്തം ഉപയോഗത്തിനായി ലഹരിവസ്തുക്കൾ കൈവശം വച്ചവർക്കാണ് ഈ നടപടിയെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, മയക്കുമരുന്ന് വിൽപ്പനയ്ക്കോ വിതരണത്തിനോ വേണ്ടി കൈവശം വയ്ക്കുന്നവർക്കെതിരെ കർശനമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും, കുവൈത്ത് നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy