കോടതിയിൽ പോകാതെ വിധി; കുവൈത്ത് നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്


കുവൈത്തിൽ ചെറിയ ക്രിമിനൽ കേസുകളിലെ ശിക്ഷാ വിധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് വിചാരണ സംവിധാനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി നീതിന്യായ മന്ത്രി അഡ്വ. നാസർ അൽ-സുമൈത്ത് അറിയിച്ചു. രാജ്യത്ത് പൂർണമായും ഇലക്ട്രോണിക് രീതിയിൽ കോടതി വിധികൾ പുറപ്പെടുവിക്കുന്ന ആദ്യ സംവിധാനമാണിത്. പരമ്പരാഗത കോടതി വിചാരണ നടപടികളില്ലാതെ, പിഴശിക്ഷ മാത്രം ബാധകമായ ലഘു ക്രിമിനൽ കേസുകളും ചില ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഈ സംവിധാനത്തിലൂടെ വേഗത്തിൽ തീർപ്പാക്കാനാകും.

അതേസമയം, ഈ സംവിധാനത്തിലൂടെ പുറപ്പെടുവിക്കുന്ന വിധികൾക്കെതിരെ നിയമപരമായി അപ്പീൽ നൽകാനുള്ള അവകാശം പ്രതികൾക്ക് തുടർന്നും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2021 മുതൽ 2024 വരെ ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 6.83 ലക്ഷം ശിക്ഷാ വിധികൾ ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ പുതിയ സംവിധാനത്തിലൂടെ നീതിന്യായ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേസ് സ്വീകരിക്കൽ, പരിശോധന, വിധി പുറപ്പെടുവിക്കൽ, ബന്ധപ്പെട്ട കക്ഷികളെ നിയമപരമായി അറിയിക്കൽ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഇനി മുതൽ ഈ ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും നടക്കുക. ഇതിലൂടെ നടപടികൾ കൂടുതൽ വേഗത്തിലാകുകയും കടലാസ് രേഖകളെ ആശ്രയിക്കുന്നത് കുറയുകയും കാലതാമസം മൂലം കേസുകൾ അവസാനിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഓരോ വർഷവും കോടതികളിലെത്തുന്ന ആകെ കേസുകളിൽ ഏകദേശം 20 ശതമാനവും ശിക്ഷാ വിധികളുമായി ബന്ധപ്പെട്ടവയാണ്. ഈ നടപടിക്രമം ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും കോടതികളുടെയും കേസിലെ കക്ഷികളുടെയും ഭാരം കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നീതിന്യായ മന്ത്രാലയത്തിലെ സാങ്കേതിക വിദഗ്ധരാണ് ഈ സംവിധാനം വികസിപ്പിച്ചത്. ക്രിമിനൽ കോടതികളിലെ ജഡ്ജിമാർക്കും വിധി നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ അംഗീകാരമുള്ള സുരക്ഷിതമായ ഇലക്ട്രോണിക് ഒപ്പുസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നടപടികളുടെ വിശ്വാസ്യതയും സൈബർ സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഘു ക്രിമിനൽ കേസുകൾക്കായുള്ള ഇ-വിചാരണ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ആദ്യഘട്ടമെന്നും കൂടുതൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഡിജിറ്റൽ നീതിന്യായ സംവിധാനമാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്നും, അതേസമയം കേസിലെ കക്ഷികളുടെ എല്ലാ നിയമപരമായ അവകാശങ്ങളും പൂർണമായി സംരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy