
ഫോർത്ത് റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ വനിത മരിച്ച കേസിൽ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതിയുടെ വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. അശ്രദ്ധ മൂലമുള്ള നരഹത്യാക്കുറ്റം പ്രതികൾക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.നരഹത്യാക്കുറ്റം ചുമത്താൻ ആവശ്യമായ പ്രതികളുടെ വീഴ്ചയോ അശ്രദ്ധയോ തെളിയിക്കുന്ന മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചോ അശ്രദ്ധയോടെയോ വാഹനം ഓടിച്ചെന്നതിന് കേസ് രേഖകളിൽ വ്യക്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചപ്പോൾ, അപകടത്തിൽ മരിച്ച വനിത കാൽനടയാത്രക്കാർക്കായി അനുവദിച്ച സ്ഥലത്തൂടെയല്ല ഹൈവേ മുറിച്ചുകടക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായതായി കോടതി വ്യക്തമാക്കി. ഈ കണ്ടെത്തലാണ് പ്രതികളെ വെറുതെവിടാനുള്ള തീരുമാനത്തിൽ നിർണായകമായത്. അപകടത്തിന് പ്രതികളുടെ അശ്രദ്ധയോ നിയമലംഘനമോ കാരണമായെന്നത് തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ടാം പ്രതിക്കായി ഹാജരായ അഭിഭാഷകൻ ഖലീൽ ഹൈദർ വിധിയെ സ്വാഗതം ചെയ്തു. നരഹത്യാക്കുറ്റം നിലനിൽക്കാൻ ആവശ്യമായ നിയമപരമായ ഘടകങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. തന്റെ കക്ഷി നിയമാനുസൃതമായി വാഹനങ്ങൾക്കായി അനുവദിച്ച പാതയിലൂടെയാണ് വാഹനം ഓടിച്ചതെന്നും യാതൊരു ട്രാഫിക് നിയമവും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പീൽ കോടതിയുടെ പുതിയ വിധിയോടെ രണ്ട് പ്രതികൾക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിക്കുകയും കീഴ്ക്കോടതിയുടെ കുറ്റവിമുക്ത വിധി അന്തിമമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.