“‘ഒരു തവണ ട്രൈ ചെയ്‌താൽ മതി’; ഡോപമിന്റെ കെണിയിൽ വീഴരുത്; ലഹരിക്കെതിരെ രാജ്യവ്യാപക ബോധവത്കരണവുമായി യുഎഇ

കൂട്ടുകാരുടെ സമ്മർദത്തിനോ കൗതുകത്തിനോ വഴങ്ങി ഒരിക്കൽ മാത്രം ലഹരിമരുന്ന് പരീക്ഷിക്കുന്നതുപോലും ജീവിതകാലം മുഴുവൻ നീളുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. യുവാക്കളെ ലക്ഷ്യമിട്ട് ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസും സംയുക്തമായി പുതിയ ദേശീയ ക്യാംപെയ്ൻ ആരംഭിച്ചു.
‘ലഹരി ഭീഷണിയെ ഒന്നിച്ച് ചെറുക്കാം’ എന്ന സന്ദേശമാണ് ക്യാംപെയ്‌നിലൂടെ മുന്നോട്ടുവയ്ക്കുന്നത്. “ഒരിക്കൽ മാത്രം പരീക്ഷിച്ചാൽ മതിയല്ലോ, ഒന്നും സംഭവിക്കില്ല” എന്ന തരത്തിലുള്ള പ്രലോഭനങ്ങളാണ് പല യുവാക്കളെയും പിന്നീട് മാരകമായ ലഹരി അടിമത്തത്തിലേക്ക് നയിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആദ്യ പരീക്ഷണം തന്നെ അപകടകരം

ലഹരിമരുന്ന് ആദ്യമായി ഉപയോഗിക്കുന്നതിന്റെ ശാസ്ത്രീയവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൗമാരക്കാരിലും യുവാക്കളിലും അവബോധം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള പഠനങ്ങൾ പ്രകാരം, ലഹരിക്ക് അടിമപ്പെടുന്നവരിൽ ഭൂരിഭാഗവും തുടക്കത്തിൽ അതിന് അടിമയാകണമെന്ന ഉദ്ദേശ്യത്തോടെയല്ല ലഹരി ഉപയോഗിച്ചത്. കൗതുകം, സുഹൃത്തുക്കളുടെ സമ്മർദം, തെറ്റായ കൂട്ടുകെട്ടുകൾ എന്നിവയാണ് പലരെയും ആദ്യമായി ലഹരിയിലേക്ക് നയിക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്ന മാറ്റങ്ങൾ

സാധാരണ സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ സന്തോഷം നൽകുന്ന ‘ഡോപമിൻ’ എന്ന രാസപദാർഥം തലച്ചോറിൽ സ്വാഭാവിക അളവിൽ ഉൽപാദിപ്പിക്കപ്പെടുന്നു. എന്നാൽ ലഹരിമരുന്നുകളുടെ ഉപയോഗം ഈ ഡോപമിന്റെ അളവ് അസ്വാഭാവികമായി വർധിപ്പിക്കുകയും താൽക്കാലികമായ ആനന്ദാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കൃത്രിമ ഉത്തേജനം തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനത്തെ തകർക്കുന്നതോടെ ലഹരിയുടെ സ്വാധീനം കുറഞ്ഞ ശേഷം വീണ്ടും അതേ അനുഭവം ലഭിക്കാനായി വ്യക്തി ലഹരിയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെയാണ് ഒരു പരീക്ഷണം പിന്നീട് നിയന്ത്രിക്കാനാകാത്ത ലഹരി അടിമത്തമായി മാറുന്നതെന്ന് ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നു.

ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കും

ലഹരിയുടെ ദോഷഫലങ്ങൾ ശാരീരിക ആരോഗ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. പഠനത്തിലും ജോലിയിലും ശ്രദ്ധക്കുറവ്, ഓർമ്മശക്തി കുറയുക, കുടുംബബന്ധങ്ങൾ തകരുക, നല്ല സുഹൃത്തുക്കളിൽ നിന്ന് അകന്നുപോകുക, തെറ്റായ കൂട്ടുകെട്ടുകളിൽപ്പെടുക, സാമ്പത്തിക പ്രതിസന്ധി നേരിടുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്കും ഇത് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലഹരിമരുന്ന് വാഗ്ദാനം ചെയ്യുന്നവർ യഥാർഥ സുഹൃത്തുക്കളല്ലെന്നും, ഏത് സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ ‘ഇല്ല’ എന്ന് പറയാൻ യുവാക്കൾ തയ്യാറാകണമെന്നും ക്യാംപെയ്ൻ ഓർമ്മിപ്പിക്കുന്നു.

രഹസ്യമായി സഹായം തേടാം

ലഹരിയുടെ പിടിയിലായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭയമില്ലാതെ സഹായം തേടാമെന്നും യുഎഇ അധികൃതർ അറിയിച്ചു. ‘ഹുസ്ൻ’ സേവനത്തിന്റെ ഭാഗമായി 80044 എന്ന നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ രഹസ്യ കൗൺസിലിങ്, പുനരധിവാസ ചികിത്സ, ആവശ്യമായ നിയമപരമായ സംരക്ഷണം എന്നിവ ലഭ്യമാകും.

ലഹരി ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നതിനേക്കാൾ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് യുഎഇയുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy