Air Suvidha; പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ‘എയർ സുവിധ’ നിർബന്ധം, അറിയിപ്പുമായി ഇന്ത്യൻ എംബസി

Air Suvidha; അന്താരാഷ്ട്ര യാത്രക്കാർക്കായി ‘എയർ സുവിധ’ (Air Suvidha 2.0) സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഇന്ത്യ വീണ്ടും സജീവമാക്കി. വിവിധ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഇത് നിർബന്ധമാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ യാത്രക്കാർക്ക് ഓൺലൈനായി ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കാവുന്നതാണ്. വിമാനത്താവളങ്ങളിലെ ആരോഗ്യ പരിശോധനയും ഇമിഗ്രേഷൻ നടപടികളും വേഗത്തിലാക്കാനും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും. https://airsuvidha.civilaviation.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഫോം പൂരിപ്പിക്കേണ്ടത്. ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തെ യാത്രാ വിവരങ്ങൾ കൃത്യമായി നൽകണം. നിലവിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോ എന്നതും രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടോ എന്ന കാര്യവും ഫോമിൽ വ്യക്തമാക്കണം. എബോള ബാധയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. യാത്രക്കാർ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy