
വിനോദസഞ്ചാരികളുടെ പ്രിയ നഗരമെന്നതിലുപരി സ്ഥിരതാമസത്തിനും നിക്ഷേപത്തിനും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന നഗരമായി ദുബായ് മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന് ശക്തമായ തെളിവായി, കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായി വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും ചേർന്ന് 2025 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിലൂടെ ഒരു വർഷത്തിനിടെ 5 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള റസിഡൻഷ്യൽ ഇടപാടുകൾ നടന്നതായി അധികൃതർ അറിയിച്ചു. ഇതിലൂടെ 3,200-ലധികം പേർക്ക് ദുബായിൽ ആദ്യമായി സ്വന്തം വീട് സ്വന്തമാക്കാനായി. വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്നവരും ദുബായുടെ സാമ്പത്തിക സ്ഥിരത, നികുതി ആനുകൂല്യങ്ങൾ, മികച്ച ജീവിത നിലവാരം എന്നിവ കണക്കിലെടുത്ത് ഇവിടെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികളും വീടുകൾ വാങ്ങുന്നതിലേക്ക് കൂടുതൽ തിരിയുകയാണ്.
അതേസമയം, യുഎഇയിൽ ഭവന വായ്പ (മോർട്ട്ഗേജ്) എടുക്കാൻ ആഗ്രഹിക്കുന്നവർ ചില പ്രധാന കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കണമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ നിർദേശിക്കുന്നു.
വിലയിൽ വലിയ ഉയർച്ചകൾ രേഖപ്പെടുത്തിയതിന് ശേഷം ദുബായ് റിയൽ എസ്റ്റേറ്റ് വിപണി ഇപ്പോൾ കൂടുതൽ സ്ഥിരതയുള്ള ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനാൽ, അമിത സമ്മർദ്ദമില്ലാതെ സ്വന്തം ബജറ്റിന് അനുയോജ്യമായ പ്രോപ്പർട്ടികൾ തിരഞ്ഞെടുക്കാൻ വാങ്ങുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്നാണ് വിലയിരുത്തൽ. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർ വാട്ടർഫ്രണ്ട് ആക്സസ് ഉള്ളതോ പ്രധാന ലൊക്കേഷനുകളിലുള്ളതോ ആയ പ്രോപ്പർട്ടികൾക്ക് മുൻഗണന നൽകുന്നത് കൂടുതൽ മൂല്യവർധന നേടാൻ സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭവന വായ്പ അനുവദിക്കുന്നതിനായി യുഎഇയിലെ മിക്ക ബാങ്കുകളും അപേക്ഷകർക്ക് കുറഞ്ഞത് 15,000 ദിർഹം പ്രതിമാസ വരുമാനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 10,000 ദിർഹം മുതൽ പ്രതിമാസ വരുമാനമുള്ളവർക്കും മോർട്ട്ഗേജ് സൗകര്യം നൽകുന്നുണ്ട്.
വീട് അന്വേഷിക്കാൻ തുടങ്ങുന്നതിന് മുമ്പ് ബാങ്കിൽ നിന്ന് ‘പ്രീ-അപ്രൂവൽ’ നേടുന്നത് ഏറെ പ്രയോജനകരമാണെന്നും വിദഗ്ധർ പറയുന്നു. ഇതിലൂടെ എത്ര തുക വരെ വായ്പ ലഭിക്കുമെന്നത് മുൻകൂട്ടി അറിയാൻ കഴിയുന്നതിനാൽ സ്വന്തം ബജറ്റിന് അനുയോജ്യമായ വീടുകൾ മാത്രം തിരഞ്ഞെടുക്കാൻ സാധിക്കും. ഇഷ്ടപ്പെട്ട വീട് കണ്ടെത്തിയ ശേഷം വായ്പ ലഭിക്കില്ലെന്ന് തിരിച്ചറിയുന്ന സാഹചര്യം ഒഴിവാക്കാനും പ്രീ-അപ്രൂവൽ സഹായകരമാകും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t