സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുഎഇയിൽ യുവതിക്ക് ഇത്ര ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം ഒടുവിൽ കോടതിമുറിയിലാണ് അവസാനിച്ചത്. സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ സ്ക്രീൻഷോട്ട് എടുത്ത് മറ്റൊരാൾക്ക് കൈമാറിയ സംഭവത്തിൽ ദുബൈയിലെ ഒരു യുവതിക്ക് 85,000 ദിർഹം (ഏകദേശം 19 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തത്. ഈ സമയത്താണ് യുവതി സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ തന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചത്. പിന്നീട് മറ്റൊരാളുമായി നടത്തിയ സംഭാഷണത്തിനിടെ, ചിത്രങ്ങളുടെ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ആ സ്ക്രീൻഷോട്ടുകളും സ്വകാര്യ ചാറ്റ് സന്ദേശങ്ങളും അയച്ചുനൽകുകയായിരുന്നു.

ഈ വിവരങ്ങൾ ലഭിച്ച മൂന്നാമത്തെ വ്യക്തി ചിത്രങ്ങളും സന്ദേശങ്ങളും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സ്വകാര്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയതോടെ ഇരയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും മൊബൈൽ ഫോണുകളും ഡിജിറ്റൽ രേഖകളും പരിശോധിച്ച ഉദ്യോഗസ്ഥർ, ചിത്രങ്ങൾ അനുമതിയില്ലാതെ സൂക്ഷിക്കുകയും കൈമാറുകയും ചെയ്തതിന് വ്യക്തമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്.

മറ്റൊരാളുടെ ഫോട്ടോയുടെ സ്ക്രീൻഷോട്ട് എടുക്കുകയോ അത് മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യുന്നത് നിയമപരമായ പ്രശ്നമല്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടെന്ന് ലീഗൽ കൺസൾട്ടന്റ് അഹമ്മദ് അൽ സറൂണി പറഞ്ഞു. യുഎഇയിലെ സൈബർ നിയമങ്ങൾ വ്യക്തികളുടെ ഡിജിറ്റൽ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഫോട്ടോയോ സന്ദേശമോ അനുമതിയില്ലാതെ സൂക്ഷിക്കുകയോ പങ്കുവെക്കുകയോ ചെയ്താൽ അത് കോടതിയിൽ ശക്തമായ ഡിജിറ്റൽ തെളിവായി മാറാൻ സാധ്യതയുണ്ടെന്നും, അതിനാൽ മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുഎഇയിലെ കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 34-ലെ ആർട്ടിക്കിൾ 44 പ്രകാരം, അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പകർത്തുക, സൂക്ഷിക്കുക, കൈമാറുക അല്ലെങ്കിൽ പ്രസിദ്ധീകരിക്കുക എന്നിവ ഗുരുതര കുറ്റകൃത്യമാണ്. ഇതിന് കുറഞ്ഞത് ആറുമാസം തടവും 1.5 ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്നതാണ്.
എന്നാൽ ഈ കേസിൽ പിന്നീട് പരാതിക്കാരിയും പ്രതിയും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് തടവുശിക്ഷ ഒഴിവാക്കുകയായിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി യുവതി 85,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version