സോഷ്യൽ മീഡിയയിൽ ഇനി കുട്ടികൾക്ക് നിയന്ത്രണം; ഇത്രയും വയസ്സിൽ താഴെയുള്ളവർക്ക് വിലക്കുമായി യുഎഇ

ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക തീരുമാനവുമായി യുഎഇ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് യുഎഇ മന്ത്രിസഭ കർശനമായ വിലക്കേർപ്പെടുത്തി. ഇതോടെ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ടുകൾ തുടങ്ങാനോ പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങൾ ഉപയോഗിക്കാനോ ഇനി അനുവാദമുണ്ടായിരിക്കില്ല.

15 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും, അത് കർശനമായ നിരീക്ഷണത്തിന് വിധേയമായിരിക്കും. ഇത്തരം കുട്ടികൾക്ക് സുരക്ഷിതമായ ഉള്ളടക്കങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, രക്ഷിതാക്കളുടെ നിയന്ത്രണവും ഉപയോഗ സമയത്തിനുള്ള പരിധിയും ഇവർക്ക് ബാധകമായിരിക്കും. നിയമം കർശനമായി നടപ്പിലാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സാവകാശം സർക്കാർ നൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ കമ്പനികൾ ഒരുക്കേണ്ടതുണ്ട്.

രക്ഷിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ പോലും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് പരസ്യങ്ങൾക്കോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്നതും ഈ ഉത്തരവിലൂടെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഡിജിറ്റൽ ലോകത്തെ വെല്ലുവിളികളിൽ നിന്നും അപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ഇത്തരം കർശനമായ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ അറബ് രാജ്യമായിരിക്കുകയാണ് യുഎഇ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version