ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടയുള്ള മലയാളികൾക്ക് തിരിച്ചടിയാകും; ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കി യുഎഇ

യുഎഇയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ (Emiratisation) നടപടികൾ കൂടുതൽ ശക്തമാക്കി പുതിയ നിർദേശം പുറത്തിറക്കി. ഇനി മുതൽ ആരോഗ്യ സ്ഥാപനങ്ങൾ കൈവരിക്കേണ്ട വാർഷിക സ്വദേശിവത്കരണ ലക്ഷ്യത്തിന്റെ പകുതി വിദഗ്ധ ആരോഗ്യ തസ്തികകളിൽ നിന്നായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും (MoHRE) ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) സംയുക്തമായാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. 50-ലധികം ജീവനക്കാരുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഓരോ വർഷവും നൈപുണ്യമുള്ള ജോലികളിൽ 2 ശതമാനം സ്വദേശിവത്കരണം കൈവരിക്കണമെന്ന നിലവിലെ നിയമം തുടരും. എന്നാൽ ഇനി ആ ലക്ഷ്യത്തിന്റെ പകുതി ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പ്രത്യേക ആരോഗ്യ വിദഗ്ധർ തുടങ്ങിയ ആരോഗ്യ മേഖലാ പ്രൊഫഷനുകളിൽ നിന്നായിരിക്കണം. രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഭാവി ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള സ്വദേശി ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയിലെ നിർണായക സ്ഥാനങ്ങളിൽ എമിറാത്തി പൗരന്മാരുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

2025 അവസാനത്തോടെ സ്വകാര്യ ആരോഗ്യ മേഖലയിലുണ്ടായിരുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണം 8,800 കവിഞ്ഞതായും ഇവരിൽ 82 ശതമാനവും വനിതകളാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശികൾക്കിടയിൽ ആരോഗ്യ മേഖലയോടുള്ള വർധിച്ചുവരുന്ന താൽപര്യത്തിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പുതിയ മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് 2027 മുതൽ അധികൃതർ വിലയിരുത്തും. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy