
യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രാനുഭവം ഉറപ്പാക്കാനായി എയർ ഇന്ത്യ പുതിയ ‘ബേസിക് ഫെയർ’ കാറ്റഗറി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ അധിക സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഈ സൗകര്യം വഴിയൊരുക്കുന്നു. നിലവിൽ വിമാനങ്ങളിൽ ലഭിക്കാറുള്ള സൗജന്യ ഭക്ഷണം ഈ ടിക്കറ്റ് വിഭാഗത്തിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചായയും കാപ്പിയും സൗജന്യമായി ലഭിക്കുന്നതാണ്.
യാത്രക്കാർക്ക് ആവശ്യമെങ്കിൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് വരെ പണം നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജൈൻ, ഡയബറ്റിക് തുടങ്ങിയ ഭക്ഷണങ്ങൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. വിമാന സമയത്തിൽ മാറ്റമുണ്ടായാൽ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണം അടുത്ത വിമാനത്തിലേക്ക് മാറ്റുകയോ അല്ലെങ്കിൽ തുക തിരികെ ലഭിക്കുകയോ ചെയ്യും. ബാഗേജ് പരിധിയെ സംബന്ധിച്ചിടത്തോളം 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം കാബിൻ ബാഗേജും യാത്രക്കാർക്ക് അനുവദിക്കും.
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ, എയർപോർട്ട് ടിക്കറ്റിങ് ഓഫിസുകൾ എന്നീ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമാണ് നിലവിൽ ഈ ബേസിക് ടിക്കറ്റുകൾ ലഭ്യമാകുക. നേരത്തെ നിലവിലുള്ള വാല്യൂ, ക്ലാസിക്, ഫ്ലെക്സ് എന്നീ കാറ്റഗറികൾ മാറ്റമില്ലാതെ തുടരുന്നതാണ്. പരീക്ഷണ ഘട്ടത്തിലെ യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ ഈ സൗകര്യം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t