യുഎഇയിൽ പ്രവാസി മലയാളിക്ക് പറ്റിയ അമിളി, 8000 ദിർഹം ഒറ്റ നിമിഷം കൊണ്ട് പോയി! മുന്നറിയിപ്പ്

വേനലവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ റിസോർട്ടുകളും വില്ലകളും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ആകർഷകമായ ഓഫറുകൾ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ റിപ്പോർട്ട് ചെയ്ത ഒരു കേസിൽ, സമൂഹമാധ്യമത്തിൽ കണ്ട ആഡംബര വില്ലയുടെ പരസ്യത്തിൽ വിശ്വസിച്ച് പണം കൈമാറിയ കുടുംബനാഥന് 8000 ദിർഹം നഷ്ടമായി. ബുക്കിങ് തുകയും പിന്നീട് തിരികെ ലഭിക്കുമെന്ന പേരിൽ ഇൻഷുറൻസ് തുകയും ആവശ്യപ്പെട്ട തട്ടിപ്പുകാർ പണം ലഭിച്ച ഉടൻ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. യഥാർഥ റിസോർട്ടുകളുടെയും വില്ലകളുടെയും ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ച് വ്യാജ പരസ്യങ്ങൾ തയ്യാറാക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. തുടർന്ന് ബുക്കിങ് ഫീസ്, റിസർവേഷൻ ചാർജ്, രേഖാ പരിശോധനാ ഫീസ് തുടങ്ങിയ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടുകയും നേരിട്ടുള്ള കൂടിക്കാഴ്ചകളും കരാറുകളും ഒഴിവാക്കുകയും ചെയ്യുന്നു.

വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കുകൾ, അടിയന്തരമായി പണം അടയ്ക്കാൻ ചെലുത്തുന്ന സമ്മർദം, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനുള്ള നിർദേശം എന്നിവ തട്ടിപ്പിന്റെ പ്രധാന സൂചനകളാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
യാത്രയോ താമസസൗകര്യങ്ങളോ ബുക്ക് ചെയ്യുന്നതിന് മുൻപ് സ്ഥലവും രേഖകളും പരിശോധിക്കണമെന്നും അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രമേ പണമിടപാടുകൾ നടത്താവൂ എന്നും പൊലീസ് നിർദേശിച്ചു. സംശയാസ്പദമായ വെബ്‌സൈറ്റുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 നമ്പറിലോ വിവരം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version