
ദുബായ്: വേനലവധി കാലം ആരംഭിച്ചതോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അനധികൃത വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന വ്യാജ ചാലറ്റ് (Chalet), ഹോളിഡേ ഹോം വാടക പരസ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ദുബായ് പോലീസ് നടത്തുന്ന “ബീ അവെയർ ഓഫ് ഫ്രോഡ്” (Be Aware of Fraud) കാമ്പയിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
കുറഞ്ഞ ചിലവിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നത്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് ആകർഷകമായ പ്രോപ്പർട്ടികൾ ഇവർ പരസ്യപ്പെടുത്തും. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രോപ്പർട്ടികൾ ഒന്നുകിൽ നിലവിലില്ലാത്തവയോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ളവയോ ആയിരിക്കും.
കഴിഞ്ഞ ദിവസം ദുബായിൽ താമസിക്കുന്ന ഒരു കുടുംബം ഇത്തരമൊരു തട്ടിപ്പിനിരയായിരുന്നു. സോഷ്യൽ മീഡിയയിൽ കണ്ട ആകർഷകമായ ഒരു പരസ്യത്തിൽ വിശ്വസിച്ച്, ചാലറ്റ് ബുക്ക് ചെയ്യാനായി ഇവർ പരസ്യത്തിൽ നൽകിയ നമ്പരിൽ ബന്ധപ്പെട്ടു. അഡ്വാൻസ് തുകയും, പിന്നീട് തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത സെക്യൂരിറ്റി ഡെപ്പോസിറ്റും ഉൾപ്പെടെ 8,000 ദിർഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മുൻകൂറായി നൽകാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് കുടുംബം തുക ഓൺലൈനായി കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രമുഖവും ഔദ്യോഗികവുമായ ഹോളിഡേ ഹോം വെബ്‌സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമ്മിക്കുന്നത്. ഓഫർ പരിമിത കാലത്തേക്ക് മാത്രമാണെന്ന് വിശ്വസിപ്പിച്ച്, ഇരകൾക്ക് കാര്യങ്ങൾ അന്വേഷിച്ചറിയാൻ സമയം നൽകാതെ പെട്ടെന്ന് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
പണം കൈമാറുന്നതിന് മുൻപ് പ്രോപ്പർട്ടിയുടെ വിവരങ്ങളും വിശ്വാസ്യതയും കൃത്യമായി പരിശോധിക്കണമെന്നും, ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ബുക്കിംഗുകൾ നടത്തണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t