
അബുദാബിയിൽ വാടകക്കാർക്ക് ആശ്വാസം പകരുന്ന നിർണ്ണായക തീരുമാനവുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിൽ വാടക വർദ്ധിപ്പിക്കാൻ കെട്ടിട ഉടമകൾക്ക് അനുവാദമുണ്ടായിരിക്കില്ല. വാടക കരാറുകൾ പുതുക്കുമ്പോൾ വർഷാവർഷം ഉണ്ടായിരുന്ന വാടക വർദ്ധനവ് ഇനി പൂർണ്ണമായും നിലയ്ക്കും.
ഈ പുതിയ തീരുമാനം താമസസ്ഥലങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. മുൻപ് കരാർ പുതുക്കുമ്പോൾ ഉടമകൾക്ക് നിശ്ചിത ശതമാനം വാടക വർദ്ധിപ്പിക്കാൻ അധികാരമുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 0% വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. പുതിയ താമസക്കാർ വരുമ്പോൾ വാടക കുത്തനെ കൂട്ടുന്ന രീതിക്കും ഇതോടെ തടസ്സമാകും. പഴയ കരാറിലെ അതേ തുകയിൽ മാത്രമേ പുതിയ താമസക്കാർക്കും വീടോ കടകളോ നൽകാൻ പാടുള്ളൂ. അബുദാബിയിലെ ഡിജിറ്റൽ തൗതീഖ് സിസ്റ്റം വഴി വാടക വർദ്ധനവ് രേഖപ്പെടുത്തിയ കരാറുകൾ ഇനി സ്വീകരിക്കില്ല എന്നത് നിയമം ലംഘിക്കുന്നവരെ തടയാൻ സഹായിക്കും.
എന്നാൽ ഈ നിയമം എല്ലാ മേഖലകൾക്കും ബാധകമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അൽ മര്യ ഐലൻഡ്, റീം ഐലൻഡ് തുടങ്ങിയ അബുദാബി ഗ്ലോബൽ മാർക്കറ്റ് പരിധിയിൽ വരുന്ന പ്രത്യേക സാമ്പത്തിക മേഖലകൾ ഈ റന്റ് ഫ്രീസ് നിയമത്തിന്റെ പരിധിയിൽ വരില്ല. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസം നൽകാനും റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്ഥിരത കൊണ്ടുവരാനുമാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ വാടകക്കരാർ പുതുക്കാനിരിക്കുന്നവർക്ക് വലിയ തുക മാറ്റിവെക്കേണ്ടി വരില്ല എന്നത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t