തടി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഇനി ഒറ്റ ഗുളിക; ഈ മരുന്നിന് യുഎഇയിൽ അംഗീകാരം!

ദുബായ്: ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഹൃദയാഘാത സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്ന ലോകപ്രശസ്ത മരുന്നായ ‘വെഗോവി’ (Wegovy – semaglutide) ഇനി ഗുളിക രൂപത്തിൽ യുഎഇയിൽ ലഭ്യമാകും. പൊണ്ണത്തടിയും അമിതഭാരവും നിയന്ത്രിക്കുന്നതിനായി ദിവസേന കഴിക്കാവുന്ന ഈ ഗുളികയ്ക്ക് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) ഔദ്യോഗികമായി അംഗീകാരം നൽകി. അമേരിക്കയ്ക്ക് ശേഷം ഈ പുതിയ ഗുളികയ്ക്ക് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.

നേരത്തെ യുഎഇയിൽ വെഗോവി കുത്തിവെപ്പായി ലഭ്യമായിരുന്നെങ്കിലും, പുതിയ അനുമതിയോടെ ഇത് ദിവസവും കഴിക്കാവുന്ന ഒരു സാധാരണ ഗുളികയായി രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഡാനിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘നോവോ നോർഡിസ്ക്’ ആണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

അമിതഭാരമുള്ള മുതിർന്നവരിൽ ദീർഘകാലാടിസ്ഥാനത്തിൽ ഭാരം കുറയ്ക്കാനും അത് നിലനിർത്താനും ഈ ഗുളിക സഹായിക്കും. ക്ലിനിക്കൽ ട്രയലുകളിൽ ഈ മരുന്ന് കഴിച്ചവർക്ക് ശരാശരി 13.6% വരെ ഭാരം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം, ഉയർന്ന ആരോഗ്യസാധ്യതയുള്ള രോഗികളിൽ ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസംബന്ധമായ മരണങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കാൻ ഈ മരുന്നിന് സാധിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇൻജക്ഷനുകളെ അപേക്ഷിച്ച് ദിവസവും കഴിക്കാവുന്ന ഗുളികകൾ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. കൂടാതെ ഇവ സൂക്ഷിക്കാൻ പ്രത്യേക കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ആവശ്യമില്ല. പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റ് വിട്ടുമാറാത്ത രോഗങ്ങളും തടയുന്നതിനുള്ള യുഎഇയുടെ ആരോഗ്യരംഗത്തെ സുപ്രധാന ചുവടുവെപ്പായാണ് ഈ പുതിയ തീരുമാനത്തെ കാണുന്നത്. കുറഞ്ഞ കലോറിയുള്ള ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പം ഡോക്ടർമാരുടെ കർശനമായ നിർദ്ദേശപ്രകാരം മാത്രമായിരിക്കും ഈ മരുന്ന് രോഗികൾക്ക് നൽകുക. മരുന്നിന്റെ ആദ്യ ബാച്ചുകൾ യുഎഇയിൽ എത്തിക്കഴിഞ്ഞതായും ഉടൻ തന്നെ ഇത് വിപണിയിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version