ഒരു വിസ മതി, ആറ് ഗൾഫ് രാജ്യങ്ങൾ ചുറ്റാം; പ്രവാസികൾ കാത്തിരുന്ന ജിസിസി മെഗാ വിസ എത്തുന്നു!

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്ന ‘ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ’ ഉടൻ യാഥാർഥ്യമാകുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറ് ജിസിസി രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഇത്. യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ പദ്ധതി ഗൾഫ് മേഖലയിലെ ടൂറിസത്തിനും യാത്രാ സൗകര്യങ്ങൾക്കും പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ജിസിസിയുടെ സംയുക്ത ടൂറിസം തന്ത്രമായ 2023-2030 പദ്ധതിയുടെ ഭാഗമായാണ് ഏകീകൃത വിസ നടപ്പാക്കുന്നത്. നിലവിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് അംഗരാജ്യങ്ങൾക്കിടയിൽ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നത്. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാരല്ലാത്ത ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കും ഒരൊറ്റ അപേക്ഷയിലൂടെ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും.

2023 നവംബറിൽ തന്നെ ജിസിസി അംഗരാജ്യങ്ങൾ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. ആദ്യം 2024 അല്ലെങ്കിൽ 2025-ൽ പദ്ധതി ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അംഗരാജ്യങ്ങളിലെ സാങ്കേതിക സംവിധാനങ്ങളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കണക്കിലെടുത്ത് പദ്ധതി 2026-ലെ നാലാം പാദത്തിലേക്ക് മാറ്റുകയായിരുന്നു. ഔദ്യോഗിക ലോഞ്ച് തീയതി പിന്നീട് പ്രഖ്യാപിക്കും. പുതിയ വിസയുടെ ഏറ്റവും വലിയ പ്രത്യേകത, ഓരോ രാജ്യത്തിനും പ്രത്യേകം വിസ എടുക്കേണ്ടതില്ലെന്നതാണ്. ഇതിലൂടെ അപേക്ഷാ നടപടികൾ ലളിതമാകുകയും യാത്രാ ചെലവുകൾ ഗണ്യമായി കുറയുകയും ചെയ്യും. പൂർണമായും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന രീതിയിലായിരിക്കും സംവിധാനം. കൂടാതെ, നിലവിലുള്ള ചില സന്ദർശക വിസകളെ അപേക്ഷിച്ച് കൂടുതൽ ദൈർഘ്യമുള്ള താമസാനുമതിയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിസ അപേക്ഷയ്ക്ക് സാധുവായ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ താമസ വിവരങ്ങൾ, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകൾ, യാത്രാ വിവരങ്ങൾ, ട്രാവൽ ഇൻഷുറൻസ് എന്നിവ ആവശ്യമായി വരുമെന്നാണ് ലഭ്യമായ വിവരം. അന്തിമ മാനദണ്ഡങ്ങളും അപേക്ഷാ നടപടികളും ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തുവിടും. ഗൾഫ് മേഖലയെ ഒരു ഏകീകൃത വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള നിർണായക ചുവടുവയ്പ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഈ പുതിയ വിസ സംവിധാനം കൂടുതൽ സൗകര്യപ്രദമായ യാത്രാ അവസരങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version