
ദുബായ്: പ്രവാസലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടുമൊരു കോടീശ്വരൻ കൂടി ലോട്ടറി ലോകത്ത് ജനിച്ചിരിക്കുകയാണ്. ഇത്തവണ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ആവേശത്തിനിടയിലാണ് യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബമ്പർ സമ്മാനമായ 78 കോടിയിലധികം രൂപ അതായത് 30 ദശലക്ഷം ദിർഹം ഒരു പ്രവാസി സ്വന്തമാക്കിയത്. ഒരൊറ്റ രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ ആ മഹാഭാഗ്യശാലി ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഗൾഫ് നാട് മുഴുവൻ.
യുഎഇ ലോട്ടറി അതിന്റെ നറുക്കെടുപ്പ് രീതി ആഴ്ചയിൽ രണ്ടുതവണയായി പരിഷ്കരിച്ചതിനു ശേഷം ഇത്രയും വലിയൊരു തുക ഒറ്റയ്ക്ക് ഒരാൾക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലാണ് ഈ അത്യപൂർവ്വ ഭാഗ്യം പ്രവാസിയെ തേടിയെത്തിയത്.
ലോട്ടറി അധികൃതർ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം വിജയിയുടെ പേരിന്റെ ആദ്യഭാഗം ‘തയ്യിബ്ബ്’ എന്ന് മാത്രമാണ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ വിജയികളുടെ പൂർണ്ണമായ വിവരങ്ങളോ രാജ്യമോ വെളിപ്പെടുത്താത്ത പതിവ് ശൈലി തന്നെയാണ് അധികൃതർ ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ കോടീശ്വരൻ ഒരു മലയാളി ആണോ അതോ മറ്റ് പ്രവാസിയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവാസി സമൂഹം.
പെരുന്നാൾ ദിനത്തിലെ പ്രത്യേക നറുക്കെടുപ്പിൽ ദിവസങ്ങളുടെ വിഭാഗത്തിൽ നിന്ന് 20, 9, 4, 22, 24, 18 എന്നീ നമ്പറുകളും മാസങ്ങളുടെ വിഭാഗത്തിൽ നിന്ന് 8 എന്ന നമ്പറുമാണ് ഭാഗ്യദേവത സമ്മാനമായി തിരഞ്ഞെടുത്തത്. ഈ നമ്പറുകളെല്ലാം കൃത്യമായി ഒത്തു വന്നതോടെയാണ് തയ്യിബ്ബ് എന്ന ഭാഗ്യശാലി കോടീശ്വരനായത്.
ഒന്നാം സമ്മാനത്തിന് പുറമെ ഉറപ്പായ സമ്മാനത്തുകയായ അമ്പതിനായിരം ദിർഹം വീതം മൂന്ന് പേർക്ക് കൂടി ഈ നറുക്കെടുപ്പിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ആഴ്ചയിലെ 50 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടാൻ ആർക്കും സാധിച്ചില്ല. യുഎഇയിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള ആർക്കും പങ്കെുടുക്കാവുന്ന ഈ ലോട്ടറിയുടെ മഹാവിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t