പ്രവാസി മലയാളികളെ മടങ്ങി വരുമ്പോൾ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ പെൻഷൻ പദ്ധതി; വിശദാംശങ്ങൾ അറിയാം

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ വിദേശമലയാളികൾ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. പതിറ്റാണ്ടുകളോളം വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ കേരള സർക്കാർ ആവിഷ്‌കരിച്ച മികച്ചൊരു റിട്ടയർമെന്റ് സേവിങ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. താഴ്ന്ന, ഇടത്തരം വരുമാനക്കാരായ പ്രവാസികൾക്ക് വാർദ്ധക്യകാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കേരള പ്രവാസി ക്ഷേമനിധി ബോർഡ് വഴി ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

വിദേശ രാജ്യങ്ങളിൽ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികൾക്കും വിദേശത്തു ജോലി ചെയ്ത് നിലവിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നാട്ടിൽ തിരിച്ചെത്തി താമസിക്കുന്നവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പദ്ധതിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 60 വയസ്സാണ്. ഇതിന്റെ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കുന്നതിന് കുറഞ്ഞത് 5 വർഷമെങ്കിലും പെൻഷൻ വിഹിതം അടച്ചിരിക്കണം. നിലവിലെ നിയമപ്രകാരം 5 വർഷത്തേക്ക് ആകെ 21,000 രൂപയാണ് ഒരാൾ അടയ്‌ക്കേണ്ടത്, അതായത് പ്രതിമാസം 350 രൂപ വീതം. അംഗങ്ങളുടെ സൗകര്യാർത്ഥം 6 മാസത്തെയും ഒരു വർഷത്തെയും തുകകൾ ഒന്നിച്ച് മുൻകൂറായി അടയ്ക്കാനുള്ള സംവിധാനവുമുണ്ട്.

60 വയസ്സിന് ശേഷം നിങ്ങൾ പദ്ധതിയിലേക്ക് അടച്ച തുകയുടെ അടിസ്ഥാനത്തിൽ പ്രതിമാസം 7000 രൂപ വരെ പെൻഷനായി ലഭിക്കും. 5 വർഷം കൃത്യമായി തുകയടച്ച ശേഷം അപേക്ഷകൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ നോമിനിക്ക് കുടുംബ പെൻഷൻ ലഭിക്കുന്നതാണ്. 60 വയസ്സിന് മുൻപാണ് അപേക്ഷകൻ മരണപ്പെടുന്നതെങ്കിൽ അതുവരെ അടച്ച തുകയോടൊപ്പം മരണാനന്തര ധനസഹായവും കുടുംബത്തിന് ലഭിക്കും. കൂടാതെ രോഗം മൂലമോ അപകടം മൂലമോ ജോലി ചെയ്യാൻ കഴിയാത്തവിധം ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിടുന്നവർക്ക് അവശതാ പെൻഷനും ലഭ്യമാണ്.

പെൻഷന് പുറമെ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മറ്റ് അടിയന്തര സാമ്പത്തിക സഹായങ്ങളും ലഭിക്കും. പെൻഷൻ വിഹിതം അടയ്ക്കുന്ന കാലയളവിൽ ഗുരുതരമായ രോഗങ്ങൾക്കോ ചികിത്സകൾക്കോ സാമ്പത്തിക സഹായവും, കൂടാതെ അംഗങ്ങളുടെ പെൺമക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി പ്രത്യേക ധനസഹായവും ബോർഡ് അനുവദിക്കുന്നുണ്ട്.

2008ൽ ആരംഭിച്ച ഈ പദ്ധതിയിൽ നിലവിൽ എട്ട് ലക്ഷത്തോളം പ്രവാസികൾ പങ്കാളികളാണ്. 2014 മുതൽ വിജയകരമായി പെൻഷൻ വിതരണം ചെയ്തുവരുന്നുണ്ട്. പുതിയതായി പെൻഷൻ പദ്ധതിയിൽ ചേരാൻ പ്രവാസികൾ നാട്ടിൽ വരണമെന്നില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. ആവശ്യമായ രേഖകൾ ഡിജിറ്റലായി സമർപ്പിച്ചുകൊണ്ട് വിദേശത്തിരുന്ന് തന്നെ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ ഈ പദ്ധതിയിൽ അംഗമാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy