പെരുന്നാൾ പൊടി പൊടിക്കും; ദുബായിൽ തൊഴിലാളികൾക്കായി  വൻ ആഘോഷം; കാറും സ്വർണ്ണവുമടക്കം കാത്തിരിക്കുന്നത് നൂറുകണക്കിന് സമ്മാനങ്ങൾ!


യുഎഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് ആദരവും സന്തോഷവും പകർന്ന് ദുബായിൽ വിപുലമായ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) നേതൃത്വത്തിൽ ‘തൊഴിലാളികൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാം’ എന്ന പേരിട്ടാണ് ഈ വൻ പരിപാടി ഒരുക്കുന്നത്. മേയ് 27, 28 തീയതികളിൽ അൽ ഖൂസ്, ജബൽ അലി, മുഹൈസ്ന എന്നീ മേഖലകളിലാണ് ആഘോഷങ്ങൾ നടക്കുക. ഇതിൽ അൽ ഖൂസ് ആയിരിക്കും പ്രധാന വേദി.

നേരിട്ടുള്ള പരിപാടികൾക്ക് പുറമെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഹൈബ്രിഡ് ആഘോഷമായിരിക്കും ഇത്. ‘ബ്ലൂ കണക്ട്’ (Blue Connect) മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ ആഘോഷങ്ങൾ തത്സമയം തൊഴിലാളികളിലേക്ക് നേരിട്ടെത്തും. ഇത് ജോലിസ്ഥലങ്ങളിലും ക്യാംപുകളിലുമിരുന്ന് കൂടുതൽ തൊഴിലാളികൾക്ക് ഈ ഈദ് ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരമൊരുക്കും. തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആഡംബര കാർ, സ്വർണ്ണം, ലക്ഷക്കണക്കിന് ദിർഹം മൂല്യമുള്ള ക്യാഷ് പ്രൈസുകൾ, സമ്മാന വൗച്ചറുകൾ ഉൾപ്പെടെ 400-ലേറെ ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള മത്സരങ്ങൾക്ക് പുറമെ വിർച്വൽ മത്സരങ്ങളും ഉള്ളതിനാൽ കൂടുതൽ പേർക്ക് സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്.

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരൻമാരാണ് ഈ വിനോദ പരിപാടികളിൽ അണിനിരക്കുന്നത്. ഇതിന്റെ ഭാഗമായി സാംസ്കാരിക കലാപരിപാടികൾ, ഫോക് ഷോകൾ, തത്സമയ ഡിജെ പ്രകടനങ്ങൾ, നൃത്ത-സംഗീത അവതരണങ്ങൾ എന്നിവ അരങ്ങേറും. രാജ്യത്തിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും നൽകുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, വിവിധ സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ഈ ഈദ് ആഘോഷം ദുബായുടെ ബഹുസ്വര സാംസ്കാരിക മുഖത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ജിഡിആർഎഫ്എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version