
യുഎഇയിലെ ജൂൺ മാസത്തേക്കുള്ള പുതിയ ഇന്ധനവില ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ, പെട്രോൾ നിരക്കിൽ വീണ്ടും വർധനവുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതാണ് പ്രധാന കാരണം. വിപണിവിവരങ്ങൾ പ്രകാരം മെയ് മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു. ഏപ്രിലിൽ ശരാശരി 99 ഡോളറായിരുന്ന വില, വിതരണ ആശങ്കകൾ ശക്തമായതോടെ മെയ് മാസത്തിൽ ഏകദേശം 106 ഡോളർ വരെ ഉയർന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ബ്രെന്റ് ക്രൂഡ് 103.5 ഡോളറിലും WTI ക്രൂഡ് 96.6 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഈ സാഹചര്യത്തിൽ യുഎഇയിൽ തുടർച്ചയായ നാലാം മാസവും ഇന്ധനവില ഉയരാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ പെട്രോൾ വിലയിൽ ഇതിനോടകം ഏകദേശം 50 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്.
നിലവിലെ മെയ് മാസ നിരക്കുകൾ:
- സൂപ്പർ 98 – ലിറ്ററിന് 3.66 ദിർഹം
- സ്പെഷ്യൽ 95 – ലിറ്ററിന് 3.55 ദിർഹം
- ഇ-പ്ലസ് – ലിറ്ററിന് 3.48 ദിർഹം
ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന്റെ വില 2.45 ദിർഹമായിരുന്നതിൽ നിന്ന് ലിറ്ററിന് 1.21 ദിർഹത്തിന്റെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധകാലത്ത് 2022 ജൂലൈയിലാണ് യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില രേഖപ്പെടുത്തിയത്. അന്ന് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 4.63 ദിർഹവും സ്പെഷ്യൽ 95-ന്റെ വില 4.52 ദിർഹവും വരെ ഉയർന്നിരുന്നു.
ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് സാധാരണ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ നേരിട്ട് ബാധിക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജോലി, യാത്ര, ദിനചര്യകൾ എന്നിവയ്ക്കായി വാഹനങ്ങളെ ആശ്രയിക്കുന്നവർക്കാണ് കൂടുതൽ തിരിച്ചടി അനുഭവപ്പെടുന്നത്.
അതേസമയം, യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടാകുകയാണെങ്കിൽ ആഗോള എണ്ണവിലയിൽ ആശ്വാസമുണ്ടാകാമെന്നും വിദഗ്ധർ പറയുന്നു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ധാരണയിലേക്കെത്തിയാൽ ഇറാനിയൻ എണ്ണ വീണ്ടും ആഗോള വിപണിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് XS.com-ലെ മിഡിൽ ഈസ്റ്റ് സീനിയർ മാർക്കറ്റ് അനലിസ്റ്റ് റാനിയ ഗുലെ വ്യക്തമാക്കി. ഇത് എണ്ണവിതരണം വർധിപ്പിക്കുകയും നിലവിലെ ഭൗമരാഷ്ട്രീയ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. കരാർ യാഥാർഥ്യമായാൽ ആദ്യഘട്ടത്തിൽ തന്നെ എണ്ണവിലയിൽ 4 മുതൽ 8 ശതമാനം വരെ ഇടിവുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t