
ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചു വയസ്സുള്ള മകൾ റുഹിയെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ആർഷ ജീവനൊടുക്കിയത്. കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിങ് സൗകര്യവും ജിമ്മും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂടി കണക്കാക്കുമ്പോൾ, ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും വ്യക്തമാക്കുന്നു.
കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും ഏകമകൾ റുഹിയുമാണ് മരിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹിലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യുഎഇയിൽ തന്നെയുണ്ട്. ആർഷയുടെ സഹോദരി അഷിത താമസിക്കുന്നതും തൊട്ടടുത്ത ഫ്ലാറ്റിലാണ്. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ–ഗീത ദമ്പതികളുടെ മകളാണ് ആർഷ.
ബുധനാഴ്ച രാവിലെ ഏഴേക്കാലോടെയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തം നടന്നത്. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിലും സമീപത്തെ നടപ്പാതയിലുമായി ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടതെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ പൊലീസിലും ആംബുലൻസ് വിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു.
സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണമായും വളഞ്ഞ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കേസ് ആത്മഹത്യയായി റജിസ്റ്റർ ചെയ്ത ഷാർജ പൊലീസ് തുടർനടപടികൾക്കായി കേസ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന് തലേദിവസം ഈ ഫ്ലാറ്റിൽ കടുത്ത കുടുംബവഴക്ക് നടന്നതായും ഇതേത്തുടർന്ന് പൊലീസ് ഇവിടെ എത്തിയിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെ ഭർത്താവ് നിഹിലിനെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന നിഹിലുമായുള്ള ആർഷയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇവർ ഇതേ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
ഏവരോടും എപ്പോഴും പുഞ്ചിരിയോടെ മാത്രം പെരുമാറിയിരുന്ന കുരുന്നിന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗം കെട്ടിടത്തിലെ താമസക്കാരെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദിവസവും രാവിലെ സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്രപറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണിൽ നിന്നു മാറിയിട്ടില്ലെന്ന് കെട്ടിടത്തിലെ ജീവനക്കാർ സങ്കടത്തോടെ ഓർക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t