
യുഎഇയിൽ വർധിച്ചുവരുന്ന സ്കൂൾ ഫീസും വിദ്യാഭ്യാസ ചെലവുകളും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കൂട്ടുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ആശ്വാസമായി പുതിയ പ്രതിമാസ തവണ പദ്ധതി അവതരിപ്പിച്ചു. പ്രമുഖ ധനകാര്യ സേവന ആപ്പായ ടാബിയും (Tabby), വിദ്യാഭ്യാസ ഫീസ് മാനേജ്മെന്റ് പ്ലാറ്റ്‌ഫോമായ സെൻഡയും (Zenda) ചേർന്നാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
ടാബി നടത്തിയ പുതിയ സർവേയിൽ, യുഎഇയിലെ രക്ഷിതാക്കൾ വിദ്യാഭ്യാസ ചെലവുകൾ കാരണം വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുവെന്ന് വ്യക്തമായി. സർവേയിൽ പങ്കെടുത്ത 88 ശതമാനം രക്ഷിതാക്കളും സ്കൂൾ ഫീസ് അടയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി. പ്രത്യേകിച്ച് വലിയ തുക ഒരുമിച്ച് മുൻകൂറായി നൽകേണ്ട സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയാകുന്നതായും കണ്ടെത്തി. പുതിയ പദ്ധതിപ്രകാരം, സ്കൂൾ ട്യൂഷൻ ഫീസ്, ബസ് ഫീസ്, പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവ് എന്നിവ 12 മാസം വരെ തവണകളായി അടയ്ക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. അധിക സർവീസ് ചാർജുകളോ മറഞ്ഞിരിക്കുന്ന ഫീസുകളോ ഇല്ലാതെയായിരിക്കും ഈ സൗകര്യം ലഭ്യമാകുകെന്ന് കമ്പനികൾ അറിയിച്ചു.
സർവേയിൽ പങ്കെടുത്ത 97 ശതമാനം രക്ഷിതാക്കളും ഇത്തരത്തിലുള്ള സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനങ്ങളാണ് കൂടുതൽ പ്രയോജനകരമെന്ന് അഭിപ്രായപ്പെട്ടു. അമിറ്റി സ്കൂൾ ദുബൈ, ഷാർജ യൂണിവേഴ്സിറ്റി ഉൾപ്പെടെ യുഎഇയിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ടാബി ഇതിനകം കരാറിലെത്തിയിട്ടുണ്ട്. വലിയ തുക ഒരുമിച്ച് കണ്ടെത്തേണ്ടി വരുന്ന രക്ഷിതാക്കളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും കുടുംബ ബജറ്റ് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും ‘ബൈ നൗ, പേ ലേറ്റർ’ സംവിധാനം സഹായിക്കുമെന്ന് ടാബി ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സാരിക് നബി വ്യക്തമാക്കി. സ്കൂളുകൾക്ക് സമയബന്ധിതമായി ഫീസ് പിരിച്ചെടുക്കാനും കുടിശ്ശിക പ്രശ്നങ്ങൾ കുറയ്ക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായകരമാകുമെന്ന് സെൻഡ സഹസ്ഥാപകൻ ഹസീബ് അഹമ്മദ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t