
യുഎഇയെ കണ്ണീരിലാഴ്ത്തിയ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയ്ക്ക് ദുഃഖാന്ത്യം. രണ്ട് തവണ ഉപേക്ഷിക്കപ്പെടുകയും കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിൽ കഴിയുകയും ചെയ്തിരുന്ന 15-കാരിയായ ഫാത്തിമ അന്തരിച്ചു. അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഒരു വയസ്സുള്ളപ്പോൾ സ്വന്തം അമ്മ ഉപേക്ഷിച്ച ഫാത്തിമയെ പിന്നീട് പരിചരിച്ച ദമ്പതികളും കൈവിട്ടതോടെയാണ് 2018-ൽ പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് അലി മൊസാമും ഭാര്യ മുസാമയും കുട്ടിയെ ഏറ്റെടുത്തത്. അതിനുശേഷം സ്വന്തം മകളെപ്പോലെ വളർത്തി സംരക്ഷിച്ചുവരികയായിരുന്നു ഈ കുടുംബം.
2024 ഏപ്രിലിലാണ് ഫാത്തിമയ്ക്ക് ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗമായ ‘സബ്ക്യുട്ടേനിയസ് ലൂപ്പസ് എറിത്തമറ്റോസസ്’ സ്ഥിരീകരിച്ചത്. രോഗം തലച്ചോറിൽ വീക്കത്തിനും പ്ലേറ്റ്ലെറ്റുകളുടെ കുറവിനും കാരണമായി. തുടർന്ന് ഫാത്തിമ അബോധാവസ്ഥയിലാകുകയും ശരീരം ചലിപ്പിക്കാനാകാത്ത അവസ്ഥയിലേക്കും മാറുകയും ചെയ്തു. കണ്ണുകൾ മാത്രം ചലിപ്പിക്കാനായിരുന്നു കഴിഞ്ഞിരുന്നത്. എമിറേറ്റ്സ് ഐഡിയോ താമസ വിസയോ ഇല്ലാത്തതിനാൽ ഫാത്തിമയെ നിയമപരമായി ദത്തെടുക്കാനോ സ്കൂളിൽ ചേർക്കാനോ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാനോ വളർത്തു മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. രേഖകളില്ലാത്തതിനാൽ ജീവകാരുണ്യ സംഘടനകളിൽ നിന്നുള്ള സഹായവും ലഭിക്കാതെ വന്നതോടെ ചികിത്സാചെലവുകൾ മുഴുവൻ കുടുംബം തന്നെ വഹിക്കുകയായിരുന്നു. ഇതോടെ അവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വാടകക്കേസിലേക്കും നീങ്ങിയിരുന്നു.
ആരോഗ്യവതിയായിരുന്ന കാലത്ത് യുഎഇയെയും ഇവിടുത്തെ ഭരണാധികാരികളെയും ഏറെ സ്നേഹിച്ചിരുന്ന ഫാത്തിമ, സമൂഹമാധ്യമ വീഡിയോകളിലൂടെ മറ്റ് കുട്ടികൾക്ക് പ്രതീക്ഷയും ധൈര്യവും പകരുന്ന സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ഫാത്തിമയുടെ മരണവാർത്ത പുറത്ത് വന്നതോടെ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ഫാത്തിമയുടെ മരണം സ്വാഭാവികമാണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചതായി വളർത്തു പിതാവ് സയ്യിദ് അലി മൊസാം അറിയിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t