യുഎഇയിൽ ജോലി മാറാൻ പ്ലാനുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ! NOC, ലേബർ ബാൻ, ഗ്രേസ് പീരിയഡ്, കൂടുതൽ വ്യക്തത

യുഎഇയിൽ ജോലി മാറുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പുതിയ തൊഴിലിലേക്ക് മാറുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കി മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം. റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, നിർമാണം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ജീവനക്കാർ വ്യാപകമായി ജോലി മാറുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. 2021ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33 പ്രകാരം പഴയ ‘ലേബർ ബാൻ’ സംവിധാനം ഭൂരിഭാഗം കേസുകളിലും ഒഴിവാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാർ അവസാനിക്കുകയോ, തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം കരാർ റദ്ദാക്കുകയോ ചെയ്താൽ നിയമപരമായി പുതിയ ജോലിയിലേക്ക് മാറാൻ സാധിക്കും. എന്നാൽ നോട്ടീസ് പീരിയഡ് പൂർത്തിയാക്കുകയും പഴയ വിസയും വർക്ക് പെർമിറ്റും നിയമാനുസൃതമായി റദ്ദാക്കുകയും വേണം.

പുതിയ ജോലിക്കായി മുൻ കമ്പനിയുടെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) ഇപ്പോൾ മിക്ക കേസുകളിലും നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ പ്രൊബേഷൻ കാലയളവിലോ കരാറിലെ പ്രത്യേക വ്യവസ്ഥകളിലോ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവ ബാധകമായേക്കും. നോട്ടീസ് പീരിയഡ് പാലിക്കാതെ ജോലി ഉപേക്ഷിക്കുകയോ കരാർ ലംഘിക്കുകയോ ചെയ്താൽ പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരും. ഗുരുതരമായ തൊഴിൽ നിയമലംഘനങ്ങൾ നടത്തിയാൽ ഒരു വർഷം വരെ വർക്ക് പെർമിറ്റ് നിരോധനം ഏർപ്പെടുത്താനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി രാജിവെച്ചതിന് ശേഷം പുതിയ വിസ ലഭിക്കുന്നതുവരെ ജീവനക്കാർക്ക് യുഎഇയിൽ തുടരാൻ ‘ഗ്രേസ് പീരിയഡ്’ അനുവദിക്കും. വിസ വിഭാഗം അനുസരിച്ച് 30 ദിവസം മുതൽ ആറുമാസം വരെയാണ് ഈ കാലാവധി. ഈ സമയത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തുകയോ, വിസ മാറ്റുകയോ, രാജ്യം വിടുകയോ വേണം.

പ്രൊബേഷൻ സമയത്ത് ജോലി മാറാൻ ആഗ്രഹിക്കുന്നവർ തൊഴിലുടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകണം. ചില സാഹചര്യങ്ങളിൽ പുതിയ തൊഴിലുടമ പഴയ തൊഴിലുടമയ്ക്ക് റിക്രൂട്ട്‌മെന്റ് ചെലവിനുള്ള നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി അറിയിക്കാതെയുള്ള കൂട്ടായ ജോലി നിർത്തലുകൾക്കും അനധികൃത സമരങ്ങൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾക്ക് തടവ്, പിഴ, നാടുകടത്തൽ എന്നിവ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.

ഫുൾടൈം കരാറുകൾ പാർട്ട് ടൈം, റിമോട്ട് വർക്ക്, താൽക്കാലിക ജോലി, ജോബ് ഷെയറിങ് തുടങ്ങിയ രീതികളിലേക്ക് മാറ്റാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ പഴയ കരാറിലെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ തീർപ്പാക്കണം. പുതിയ വിസ ട്രാൻസ്ഫർ നടപടികളിൽ നിലവിലെ വിസയും വർക്ക് പെർമിറ്റും റദ്ദാക്കി, പുതിയ കമ്പനി പുതിയ പെർമിറ്റിനായി അപേക്ഷിക്കും. തുടർന്ന് സ്റ്റാറ്റസ് മാറ്റം, മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐഡി നടപടികൾ പൂർത്തിയാക്കി പുതിയ റെസിഡൻസി വിസ അനുവദിക്കും. സാധാരണയായി ഈ നടപടികൾക്ക് രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version