
വേനലവധിക്കാലത്തെ കുറഞ്ഞ നിരക്കിലുള്ള യാത്രാ ഓഫറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് വലിയൊരു തട്ടിപ്പാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്ന ഈ സമയത്ത്, ‘ചെലവ് കുറഞ്ഞ യാത്ര’ എന്ന ആകർഷകമായ പരസ്യങ്ങളുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജ ട്രാവൽ മാഫിയകൾ യുഎഇയിൽ സജീവമാകുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ‘ബീ അവെയർ ഓഫ് ഫ്രോഡ്’ ക്യാംപെയ്നിന്റെ ഭാഗമായി ഈ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മുൻവർഷങ്ങളിൽ വ്യാജ ടിക്കറ്റുകൾ നൽകി ലക്ഷക്കണക്കിന് ദിർഹവുമായി മുങ്ങിയവരിൽ ചില മലയാളി ട്രാവൽ ഏജൻസികളും ഉൾപ്പെടുന്നു എന്നത് പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
പ്രമുഖ വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും പേരുകളോട് നേരിയ അക്ഷരപ്പിശകുകൾ മാത്രം വരുത്തി കൃത്രിമ വെബ്‌സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പുകാരുടെ പ്രധാന കള്ളക്കളി. ഇത്തരം സൈറ്റുകളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടുന്നു. മുൻപ് വേനലവധിക്ക് നാട്ടിൽ പോകാൻ തയാറെടുത്ത നൂറുകണക്കിന് മലയാളി കുടുംബങ്ങൾക്ക് വ്യാജ ടിക്കറ്റുകൾ നൽകി ചില ട്രാവൽ ഏജൻസി ഉടമകൾ ഓഫിസ് പൂട്ടി മുങ്ങിയിരുന്നു. എയർപോർട്ടിൽ എത്തുമ്പോൾ മാത്രമാണ് കൈവശമുള്ളത് വെറും ‘ഡമ്മി’ ടിക്കറ്റുകളാണെന്ന് പലരും തിരിച്ചറിഞ്ഞത്. നിലവിൽ വ്യാജ ലോഗോകളും ഔദ്യോഗികമെന്ന് തോന്നിക്കുന്ന പരസ്യങ്ങളും ഉപയോഗിച്ച് മെസ്സേജിങ് ആപ്പുകൾ വഴിയാണ് ഇവർ ആളുകളെ സമീപിക്കുന്നത്. “ഇനി ഏതാനും സീറ്റുകൾ മാത്രം”, “ഓഫർ ഇപ്പോൾ അവസാനിക്കും” എന്ന് പറഞ്ഞ് ആളുകളെ മാനസികമായി സമ്മർദ്ദത്തിലാക്കി ധൃതി പിടിപ്പിച്ച് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി.
യാത്രകൾ കണ്ണീരിലാകാതിരിക്കാൻ പ്രവാസികൾ കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് ദുബായ് പൊലീസ് നിർദ്ദേശിക്കുന്നു. യുഎഇ സർക്കാരിന്റെ കൃത്യമായ ലൈസൻസുള്ള ഏജൻസികൾ വഴിയോ, വിമാനക്കമ്പനികളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയോ മാത്രം ബുക്കിങ് നടത്താൻ ശ്രദ്ധിക്കുക. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിന് മുൻപ് വെബ്‌സൈറ്റിന്റെ URL കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ട്രാവൽ ഏജൻസിയുടെ ഔദ്യോഗിക കോർപറേറ്റ് അക്കൗണ്ടിന് പകരം വ്യക്തികളുടെ പേരുള്ള അക്കൗണ്ടുകളിലേക്ക് ഒരു കാരണവശാലും പണം അയക്കരുത്. കൂടാതെ ബാങ്ക് ഒടിപി, കാർഡ് പാസ്‌വേഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്. വ്യാജ പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രവാസികൾ ഉടൻ തന്നെ ദുബായ് പൊലീസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ, അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കായുള്ള 901 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കേണ്ടതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t