
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പരിഹാസപരമായോ തെളിവില്ലാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ മോശം കമന്റുകൾ രേഖപ്പെടുത്തുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു യുവതിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ് വീണ്ടും ശ്രദ്ധ നേടുന്നത്. അജ്മാനിൽ രജിസ്റ്റർ ചെയ്ത ഒരു സോഷ്യൽ മീഡിയ കേസുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ ‘ലുക്ക് ഔട്ട്’ നോട്ടീസ് നിലവിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭർത്താവിനെയും കുട്ടികളെയും യാത്ര തുടരാൻ അനുവദിച്ചെങ്കിലും യുവതിയെ പോലീസ് തടഞ്ഞുവെച്ച് പിന്നീട് അജ്മാൻ പോലീസിന് കൈമാറുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ മറ്റൊരു സ്ത്രീ പങ്കുവെച്ച ചിത്രത്തിന് താഴെ അവർ ഉപയോഗിച്ചിരുന്ന ഹാൻഡ്ബാഗ് ‘ഫേക്ക്’ ആണെന്ന് യുവതി കമന്റ് ചെയ്തതാണ് കേസിന് കാരണമായത്. ഈ കമന്റിനെ തുടർന്ന് നിരവധി പേർ ചിത്രത്തിന്റെ ഉടമയെ പരിഹസിച്ചതായും തുടർന്ന് അവർ നിയമനടപടി സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. നേരിട്ടുള്ള അധിക്ഷേപങ്ങളോ ഭീഷണികളോ മാത്രമല്ല, തമാശയായോ ട്രോൾ രൂപത്തിലോ പറയുന്ന പരാമർശങ്ങളും നിയമത്തിന്റെ പരിധിയിൽ വരാമെന്നാണ് നിയമവിദഗ്ധരുടെ വിശദീകരണം. മറ്റൊരാളുടെ മാന്യതക്കും സാമൂഹിക പ്രതിച്ഛായക്കും ദോഷം വരുത്തുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ സൈബർ കുറ്റകൃത്യമായി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
യുഎഇയിലെ സൈബർ കുറ്റകൃത്യ-വ്യാജവാർത്ത വിരുദ്ധ ഫെഡറൽ ഡിക്രി നിയമം (No. 34 of 2021) പ്രകാരം ഇത്തരം കുറ്റങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് തടവുശിക്ഷയ്ക്കൊപ്പം 2,50,000 മുതൽ 5,00,000 ദിർഹം വരെ പിഴയും ലഭിക്കാം. ഒരു കമന്റിന്റെ ഉദ്ദേശം മാത്രമല്ല, അതിലൂടെ ബാധിക്കപ്പെട്ട വ്യക്തിക്ക് ഉണ്ടായ മാനഹാനിയും പിന്നാലെ ഉണ്ടായ ഓൺലൈൻ ആക്രമണങ്ങളും അന്വേഷണത്തിൽ പരിഗണിക്കപ്പെടും. വിദേശികളായ ആളുകൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാൽ യുഎഇയിൽ എത്തുന്ന സമയത്ത് തന്നെ അറസ്റ്റ് ചെയ്യപ്പെടാനോ പിന്നീട് നാടുകടത്തപ്പെടാനോ സാധ്യതയുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി. യാത്രാവിലക്ക്, ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികളും ഉണ്ടായേക്കാം.
മറ്റൊരാൾ വ്യാജ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് തെളിവില്ലാതെ ആരോപിക്കുന്നത് വ്യക്തിഹത്യയ്ക്ക് തുല്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ കമന്റുകൾ പിന്നീട് ഡിലീറ്റ് ചെയ്താലും അതിൽ നിന്ന് നിയമപരമായ രക്ഷ ലഭിക്കില്ല. സ്ക്രീൻഷോട്ടുകളും ഡിജിറ്റൽ രേഖകളും അന്വേഷണത്തിൽ നിർണായക തെളിവുകളാകുമെന്നും അവർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ, വ്യക്തിപരമായ പരിഹാസങ്ങൾ, അപമാനകരമായ കമന്റുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുകയും കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t