യുഎഇ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ? പ്രചരിക്കുന്ന വാർത്തകൾക്ക് നിർണായക വിശദീകരണവുമായി അധികൃതർ

പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്–ഇസ്രായേൽ–ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും യുഎഇയിലെ ബാങ്കിംഗ് മേഖലയിൽ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുള്ള അൽ ഗുറൈർ വ്യക്തമാക്കി. ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎഇയിലെ ബാങ്കുകൾ നേരിട്ട് ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും, ചില സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന മൂന്നാം കക്ഷി സ്ഥാപനങ്ങളിലാണ് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാർഡ് വിതരണം പോലുള്ള സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളിൽ ആവശ്യകത കുറഞ്ഞ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ടാകാമെങ്കിലും, അവർ ബാങ്കുകളുടെ നേരിട്ടുള്ള ജീവനക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ബാങ്ക് ദിവസേന വിതരണം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10,000ൽ നിന്ന് 2,000 ആയി കുറഞ്ഞാൽ, അതുമായി ബന്ധപ്പെട്ട പുറംകരാർ കമ്പനികൾ തൊഴിലാളികളുടെ എണ്ണം ചുരുക്കാൻ സാധ്യതയുണ്ടെന്ന് അൽ ഗുറൈർ ചൂണ്ടിക്കാട്ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും പുതിയ സാങ്കേതികവിദ്യകളും വ്യാപകമാകുന്നതോടെ ചില പരമ്പരാഗത തസ്തികകൾ ഇല്ലാതാകുന്നത് സ്വാഭാവികവും ആരോഗ്യകരവുമായ മാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ വിവിധ ബാങ്കുകൾ ശാഖകളുടെ എണ്ണം കുറയ്ക്കുന്ന പ്രവണതയും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സമ്മർദ്ദം നേരിടുന്ന വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നതിനായി ബാങ്കുകൾ വിവിധ സഹായപദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വലിയ കമ്പനികൾക്കും വായ്പ തിരിച്ചടവിൽ ഇളവുകൾ നൽകുന്നതിന് പുറമെ പല സേവനങ്ങളുടെയും ഫീസുകൾ ഒഴിവാക്കുകയും പലിശ നിരക്കുകളിൽ ഇളവ് അനുവദിക്കുകയും ചെയ്യുന്നുണ്ട്.

സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിലൂടെ ഇതുവരെ 65,300ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്പ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സൈനിക സംഘർഷങ്ങൾ ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും യുഎഇ ബാങ്കിംഗ് മേഖല സ്ഥിരതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അബ്ദുൽ അസീസ് അൽ ഗുറൈർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version