പെരുന്നാൾ അവധി അടിപൊളിയാക്കാം!ഇന്ത്യൻ പാസ്‌പോർട്ടുമായി 56 രാജ്യങ്ങളിലേക്ക് വീസാ ഫ്രീ യാത്ര, കരുത്തിൽ യുഎഇ മുന്നിൽ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ വീണ്ടും ശ്രദ്ധേയ നേട്ടവുമായി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിന്റെ ഏറ്റവും പുതിയ റാങ്കിംഗിൽ ജപ്പാനും ദക്ഷിണ കൊറിയയും ഒപ്പമുള്ള രണ്ടാം സ്ഥാനത്താണ് യുഎഇ പാസ്‌പോർട്ട് ഇടം നേടിയിരിക്കുന്നത്. യുഎഇ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 187 രാജ്യങ്ങളിലേക്ക് വീസയില്ലാതെയോ ഓൺ അറൈവൽ സൗകര്യത്തോടെയോ യാത്ര ചെയ്യാനാകുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ. 192 രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി ലഭ്യമാക്കി സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കരുത്ത് വർധിച്ച പാസ്‌പോർട്ടുകളിലൊന്നായി യുഎഇയുടെ പാസ്‌പോർട്ടിനെ വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തിയതും വിവിധ രാജ്യങ്ങളുമായുള്ള വീസ ഇളവ് കരാറുകളും യുഎഇയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യൻ പാസ്‌പോർട്ട് ആഗോള പട്ടികയിൽ 78–ാം സ്ഥാനത്താണ്. ഫെബ്രുവരിയിലെ റാങ്കിംഗിനെ അപേക്ഷിച്ച് ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെയോ ഓൺ അറൈവൽ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) സംവിധാനങ്ങളോടെയോ യാത്ര ചെയ്യാനാകും. തായ്‌ലൻഡ്, മലേഷ്യ, മൗറീഷ്യസ്, ഫിലിപ്പീൻസ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് മുൻകൂട്ടി വീസ എടുക്കാതെ യാത്ര ചെയ്യാം. മാലിദ്വീപ്, ഖത്തർ, ശ്രീലങ്ക, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ഓൺ അറൈവൽ വീസ സൗകര്യവും നൽകുന്നുണ്ട്. കെനിയ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ETA സംവിധാനത്തിലൂടെയും യാത്ര സാധ്യമാണ്. ബലിപെരുന്നാൾ അവധി അടുത്തിരിക്കെ യുഎഇയിലെയും ഇന്ത്യയിലെയും പ്രവാസികൾക്കും സഞ്ചാരികൾക്കും ഈ വീസ ഇളവുകൾ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ രേഖകളോടെ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളിലേക്കുള്ള താൽപര്യവും ഈ സമയത്ത് വർധിച്ചിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version