ചൂട് കടുക്കും മുൻപ് കർശന നീക്കവുമായി യുഎഇ! തൊഴിലാളികൾക്ക് സുരക്ഷിത താമസം ഉറപ്പാക്കാൻ പുതിയ നിർദേശം

വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎഇ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) കർശന നിർദേശം പുറത്തിറക്കി. തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുക എന്നത് തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴിൽ അന്തരീക്ഷം’ എന്ന പ്രമേയത്തിൽ രാജ്യവ്യാപക ബോധവൽക്കരണ ക്യാംപെയിനും മന്ത്രാലയം ആരംഭിച്ചു. തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും മുൻനിർത്തിയാണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളി താമസക്യാംപുകൾ നിർബന്ധമായും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി താമസസ്ഥലങ്ങളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം, വ്യക്തിഗത സാധനങ്ങൾ സൂക്ഷിക്കാൻ ലോക്കറുകൾ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.

നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ലേബർ വെൽഫെയർ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരായി കണക്കാക്കപ്പെടുമെന്നും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളി ക്യാംപുകളിൽ സുരക്ഷാ ജീവനക്കാരെയും നിരീക്ഷണ ക്യാമറകളെയും നിർബന്ധമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും ആവശ്യങ്ങൾ പരിഹരിക്കാനുമായി പ്രത്യേക സൂപ്പർവൈസർമാരെ നിയമിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. തൊഴിലാളികളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നത് തൊഴിൽ ഉൽപാദനക്ഷമത വർധിപ്പിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version