ഒന്നരക്കോടി തിരികെ നൽകണം!; പ്രവാസിയെ ചതിച്ച സ്ത്രീകൾക്ക് ‘പണി കൊടുത്ത്’ കോടതി

ദുബായിൽ പ്രവാസിയെ പറ്റിച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത രണ്ട് സ്ത്രീകൾക്കെതിരെ കോടതി കർശന നടപടി സ്വീകരിച്ചു. രാജ്യാന്തര വിപണിയിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ഈ തട്ടിപ്പിൽ, പരാതിക്കാരന് നഷ്ടപരിഹാരമായി 7,00,000 ദിർഹം (ഏകദേശം 1.6 കോടി രൂപ) നൽകാനാണ് ദുബായ് സിവിൽ കോടതി ഉത്തരവിട്ടത്.

സ്വർണം, എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അംഗീകൃത കമ്പനിയാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ലൈസൻസ് രേഖകൾ കാട്ടിയാണ് ഇവർ ഇരയെ സമീപിച്ചത്. 2025 മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആറ് ലക്ഷത്തിലേറെ ദിർഹം പരാതിക്കാരൻ ഇവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. എന്നാൽ നിക്ഷേപകനെ കബളിപ്പിക്കാനായി ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ വ്യാജ നഷ്ടങ്ങൾ കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

തന്റെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകിയതാണെന്നും ഇടപാടുകളെക്കുറിച്ച് അറിവില്ലെന്നുമുള്ള ഒരു പ്രതിയുടെ വാദം കോടതി തള്ളി. സംശയകരമായ പണമിടപാടുകൾക്ക് അക്കൗണ്ട് ഉടമകൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇരയായ വ്യക്തിക്കുണ്ടായ സാമ്പത്തികവും മാനസികവുമായ തകർച്ച കണക്കിലെടുത്ത്, നിക്ഷേപിച്ച തുകയ്ക്ക് പുറമെ നിയമപരമായ പലിശയും കോടതി ചെലവുകളും പ്രതികൾ നൽകണമെന്നും വിധിയിൽ പറയുന്നു. ഓൺലൈൻ ട്രേഡിങ് രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിധി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version