
കുവൈത്തിൽ വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് കോടികളുടെ ശമ്പളം തട്ടിയെടുത്ത കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ചില ജീവനക്കാർക്കെതിരായ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം കുവൈത്തി ദിനാർ, ഇന്ത്യൻ രൂപയിൽ ഏഴ് കോടിയിലേറെ തുക, അനധികൃതമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഫിംഗർപ്രിന്റ് ഹാജർ സംവിധാനത്തിൽ കൃത്രിമം നടത്തി ജോലിക്ക് ഹാജരാകാതിരുന്നിട്ടും ശമ്പളം ലഭിക്കാനുള്ള സൗകര്യം പ്രതികൾ ഒരുക്കിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഒന്നാം പ്രതി മറ്റ് ജീവനക്കാരുടെ ഹാജർ രേഖകളിൽ ഇളവ് നൽകുകയും വ്യാജ രേഖകൾ സൃഷ്ടിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിലെ രണ്ടാം പ്രതി ഏകദേശം 1.01 ലക്ഷം ദിനാർ, മൂന്നാം പ്രതി 77,000 ദിനാർ, നാലാം പ്രതി 80,000 ദിനാർ എന്നിങ്ങനെ അനധികൃതമായി ശമ്പളം കൈപ്പറ്റിയതായി രേഖകളിൽ പറയുന്നു. തുടർന്ന് ക്രിമിനൽ കോടതി ഒന്നാം, രണ്ടാം, മൂന്നാം പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കലും പിഴയും ശിക്ഷയായി വിധിച്ചു.