മടിയിൽ ഇരുത്തുന്നത് സുരക്ഷയല്ല… കാർ സീറ്റാണ് സുരക്ഷിതം; യുഎഇയിലെ ഈ നിയമം അറിഞ്ഞിരിക്കണം

യുഎഇയിൽ കുട്ടികളുടെ കാർ സീറ്റ് നിയമം നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും രക്ഷിതാക്കളുടെ അനാസ്ഥ തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നിർബന്ധമാണെന്ന നിയമം നിലവിലുണ്ടെങ്കിലും, പലരും ഇത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ ഇൻഷുറൻസും ചേർന്ന് നടത്തിയ പഠനത്തിൽ 1,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം രക്ഷിതാക്കളും കാർ സീറ്റ് ഉപയോഗിക്കുന്നത് അപകടസമയത്തെ മരണസാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് സമ്മതിച്ചെങ്കിലും, പ്രായോഗികമായി പലരും ഇത് പിന്തുടരുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാല് വയസ്സിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിൽ ഏകദേശം 28 ശതമാനം പേരും ഇപ്പോഴും ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നില്ല. കുട്ടികളെ ബെൽറ്റിട്ട് ഇരുത്താൻ ബുദ്ധിമുട്ടാണെന്നതാണ് പ്രധാന കാരണം. ചിലർ കുട്ടികളെ കൈകളിൽ പിടിക്കുന്നത് കൂടുതൽ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. “ഞങ്ങൾ നല്ല ഡ്രൈവർമാരാണ്, അപകടം സംഭവിക്കില്ല” എന്ന ആത്മവിശ്വാസവും പലർക്കും നിയമം അവഗണിക്കാൻ കാരണമാകുന്നു. ടാക്സികളിലോ സുഹൃത്തുക്കളുടെ വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കൂടുതൽ കുറയുന്നതായും പഠനം കണ്ടെത്തി. അത്തരത്തിലുള്ള യാത്രകളിൽ പകുതിയിലധികം രക്ഷിതാക്കളും ചൈൽഡ് സീറ്റ് ഉപയോഗിക്കാറില്ല.

അതേസമയം, 2017നെ അപേക്ഷിച്ച് കാർ സീറ്റ് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതിനൊപ്പം ആശുപത്രികൾ, സ്കൂളുകൾ, നഴ്സറികൾ എന്നിവ വഴിയുള്ള ബോധവൽക്കരണവും ശക്തമാക്കേണ്ടതുണ്ടെന്ന് റോഡ് സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇ നിയമപ്രകാരം നാല് വയസ്സിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് സീറ്റിൽ തന്നെ യാത്ര ചെയ്യണം. കൂടാതെ 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നതും നിയമവിരുദ്ധമാണ്. നിയമലംഘനങ്ങൾക്ക് പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളുടെ സുരക്ഷയിൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. സീറ്റ് ബെൽറ്റും ചൈൽഡ് സീറ്റും നിയമം പാലിക്കാനല്ല, കുട്ടികളുടെ ജീവൻ രക്ഷിക്കാനാണെന്ന സന്ദേശമാണ് അധികൃതർ ആവർത്തിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version