വ്യാജന്മാർക്ക് പൂട്ട്; മൂന്ന് മാസത്തിനുള്ളിൽ 110 വെബ്‌സൈറ്റുകൾ പൂട്ടിച്ച് യുഎഇ

ലഹരിക്കടത്ത് ശൃംഖലകളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് തകർക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും അന്തർദേശീയ സഹകരണവും ശക്തമായി വിനിയോഗിച്ച് ദുബായ് പൊലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സിന്റെ ഈ വർഷത്തെ ആദ്യ പാദ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രധാന നേട്ടങ്ങൾ പുറത്തുവന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ലഹരിക്കടത്ത് സംഘങ്ങളെ തകർക്കുന്നതിൽ സേന കൈവരിച്ച മുന്നേറ്റങ്ങൾ വിശദമായി വിലയിരുത്തി. നിർമിത ബുദ്ധി (എഐ) ഉൾപ്പെടെയുള്ള നവീന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നേരത്തേ കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായി അധികൃതർ അറിയിച്ചു. ദുബായ് പൊലീസിന്റെ ഈ ജാഗ്രതയും കാര്യക്ഷമതയും കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രശംസിച്ചു.

ആദ്യ മൂന്ന് മാസത്തിനിടെ ലഹരിമരുന്ന് പ്രചരിപ്പിച്ചിരുന്ന 110 വെബ്‌സൈറ്റുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യാൻ പൊലീസിന് സാധിച്ചു. കൂടാതെ, വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി 90 രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കൈമാറിയതിലൂടെ വിദേശത്തും നിരവധി പ്രതികളെ പിടികൂടാനായി. രാജ്യത്തിനകത്ത് നടത്തിയ ആറു പ്രത്യേക ഓപ്പറേഷനുകളിൽ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യുകയും വലിയ തോതിൽ ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നെന്ന ദുബായിയുടെ പ്രതിഛായ നിലനിർത്താൻ ശക്തമായ നടപടികൾ തുടരുമെന്ന് ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ് വ്യക്തമാക്കി..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version