ക്യൂവിൽ നിൽക്കേണ്ട കാലം കഴിഞ്ഞു! ഡിജിറ്റൽ അറ്റസ്റ്റേഷൻ – മൂന്ന് ഘട്ടത്തിൽ തീരും കാര്യങ്ങൾ

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ രേഖകളുടെ അറ്റസ്റ്റേഷന്‍ സംവിധാനം യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുന്നു. ഏപ്രില്‍ 27 മുതല്‍ ഈ സേവനം പ്രാബല്യത്തില്‍ വരും. ക്യു.ആര്‍ കോഡ്, ബാര്‍കോഡ്, റഫറന്‍സ് നമ്പര്‍ എന്നിവ ഉള്‍പ്പെട്ട ആധുനിക വെരിഫിക്കേഷന്‍ സൗകര്യമുള്ള രേഖകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മുമ്പുണ്ടായിരുന്ന എട്ട് ഘട്ടങ്ങളുള്ള നടപടിക്രമങ്ങള്‍ മൂന്നു ഘട്ടങ്ങളായി ചുരുങ്ങി, സേവനം കൂടുതല്‍ ലളിതവും സൗകര്യപ്രദവുമായി മാറി.

പ്രധാന നിബന്ധനകള്‍:

ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ ലഭിക്കാന്‍ രേഖകള്‍ യു.എ.ഇയില്‍ നിന്നുതന്നെ നല്‍കിയതായിരിക്കണം. കൂടാതെ അവയില്‍ ക്യു.ആര്‍ കോഡ്, ബാര്‍കോഡ്, റഫറന്‍സ് നമ്പര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ലിങ്ക് ഉണ്ടായിരിക്കണം. വ്യക്തികളും സ്ഥാപനങ്ങളും ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.

അപേക്ഷ സമര്‍പ്പിക്കുന്ന വിധം:

ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ‘Attestation in the UAE’ എന്ന സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് ‘Digital Documents’ വിഭാഗത്തില്‍ രേഖയുടെ തരം (ഡിജിറ്റല്‍, കൊമേഴ്‌സ്യല്‍ അല്ലെങ്കില്‍ വ്യക്തിഗതം) തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുകയും വേണം. രേഖ ഉപയോഗിക്കേണ്ട രാജ്യം വ്യക്തമാക്കുകയും ബന്ധപ്പെട്ട യു.എ.ഇ എംബസി തിരഞ്ഞെടുക്കുകയും ചെയ്ത ശേഷം രേഖകള്‍ അപ്‌ലോഡ് ചെയ്യാം.

ഒരു അപേക്ഷയില്‍ പരമാവധി അഞ്ച് രേഖകള്‍ വരെ അറ്റസ്റ്റ് ചെയ്യാന്‍ സാധിക്കും. ഫീസ് ഒരുമിച്ച് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം. അപേക്ഷ സമര്‍പ്പിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് സ്ഥിരീകരണവും പേയ്‌മെന്റ് രസീതും ലഭിക്കും. ട്രാക്കിംഗ് നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ ഔദ്യോഗിക പ്രവൃത്തി സമയത്തിനുള്ളില്‍ പരമാവധി രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കകം അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ‘UAE MOFA’ സ്മാര്‍ട്ട് ആപ്പ് സന്ദര്‍ശിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version