
ദുബായ് നഗരത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 3,400 കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ‘മെട്രോ ഗോൾഡ് ലൈൻ’ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ചു. അൽ ഗുബൈബ മുതൽ ജുമൈറ ഗോൾഡ് എസ്റ്റേറ്റ് വരെ 42 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പുതിയ പാത ദുബായിലെ ഏറ്റവും വലിയ ഗതാഗത പദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത ഇത് പൂർണ്ണമായും 40 മീറ്റർ താഴ്ചയിൽ ഭൂമിക്കടിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതാണ്. നഗരത്തിലെ തിരക്കേറിയ 15 തന്ത്രപ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഗോൾഡ് ലൈൻ, നിലവിലുള്ള മെട്രോ തുരങ്കങ്ങളേക്കാൾ ഇരട്ടി വലിപ്പമുള്ള ടണലുകളിലൂടെയാണ് യാത്രക്കാരെ എത്തിക്കുന്നത്. ബർ ദുബായ്, സത്വ, മെയ്ദാൻ, അൽ ബർഷ സൗത്ത്, ജുമൈറ വില്ലേജ് ട്രയാംഗിൾ, പ്രൊഡക്ഷൻ സിറ്റി തുടങ്ങിയ പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുമായും നിർമ്മാണത്തിലിരിക്കുന്ന ബ്ലൂ ലൈനുമായും ഇത് സംയോജിപ്പിക്കും.
2040 ആകുമ്പോഴേക്കും പ്രതിദിനം 4.65 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ഈ പാതയ്ക്ക് ശേഷിയുണ്ടാകും. 2032 സെപ്റ്റംബർ 9-ന് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് മെട്രോയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ സെപ്റ്റംബർ 9 എന്ന തീയതിക്ക് പുതിയ തിളക്കം നൽകുന്ന ഗോൾഡ് ലൈൻ, അടുത്ത 20 വർഷത്തിനുള്ളിൽ 430 ശതമാനം സാമ്പത്തിക വരുമാനം നൽകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t