ബാങ്കിംഗ് സേവനങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കാമോ? യുഎഇയിൽ സുരക്ഷിത ബാങ്കിംഗിന് പുതിയ നിയമങ്ങൾ

ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വാട്സാപ്പ് ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതും ഇനി അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡാറ്റാ സുരക്ഷ വർധിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പുകൾ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മെസ്സേജിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വ്യാജ വ്യക്തിത്വങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ, അക്കൗണ്ട് ഹാക്കിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ എന്നിവ ഉപഭോക്താക്കളെ കൂടുതൽ അപകടത്തിലാക്കുന്നുവെന്ന് സെൻട്രൽ ബാങ്ക് കണ്ടെത്തി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴി കൈമാറുന്ന വിവരങ്ങൾ വിദേശ സെർവറുകളിൽ സംഭരിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉപഭോക്തൃ വിവരങ്ങൾ ചോദിക്കുന്നതും പങ്കുവെക്കുന്നതും, പണമിടപാടുകൾ നടത്തുന്നതും സ്ഥിരീകരിക്കുന്നതും, ലോൺ അപേക്ഷകളും അക്കൗണ്ട് മാറ്റങ്ങളും കൈകാര്യം ചെയ്യുന്നതും മെസ്സേജിങ് ആപ്പുകൾ വഴി പാടില്ല. കൂടാതെ പാസ്‌വേഡ്, പിൻ നമ്പർ, ഒടിപി, സാമ്പത്തിക രേഖകൾ എന്നിവ അയയ്ക്കുന്നതിനും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കരുത്. ഇതിനുപകരം, ബാങ്കുകൾ അംഗീകൃത ചാനലുകളായ ഔദ്യോഗിക മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, കോൾ സെന്ററുകൾ, ശാഖകൾ എന്നിവ വഴിയാണ് സേവനങ്ങൾ നൽകേണ്ടത്. നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version