ഓഫീസിലിരുന്ന് ബോറടിച്ചോ? ഇനി ലാപ്‌ടോപ്പുമായി പാർക്കിലേക്കിറങ്ങാം; യുഎഇയിൽ ‘വർക്ക് ഫ്രം പാർക്ക്’ വരുന്നു!

വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്ത് മടുത്തവർക്കായി ദുബായ് നഗരസഭ പുത്തൻ വിപ്ലവത്തിന് തുടക്കമിടുന്നു. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായി നഗരത്തിലെ പൊതു പാർക്കുകളെ ഇനി അത്യാധുനിക തൊഴിലിടങ്ങളാക്കി മാറ്റും. ‘വർക്ക് ഫ്രം പാർക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രകൃതിയുടെ പച്ചപ്പിനിടയിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അപൂർവ്വ അവസരമാണ് സംരംഭകർക്കും ഫ്രീലാൻസർമാർക്കും ലഭിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം 2026 മേയ് മാസത്തിൽ അൽ ബർഷ പോണ്ട് പാർക്കിൽ പ്രവർത്തനമാരംഭിക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മൊഡ്യൂളർ നിർമ്മാണ രീതിയിലാണ് ഇവിടെ തൊഴിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. വെറുമൊരു ഇരിപ്പിടം എന്നതിലുപരി, അതിവേഗ ഇന്റർനെറ്റുള്ള ഹോട്ട് ഡെസ്‌ക്കുകൾ, പോഡ്‌കാസ്റ്റ് സ്റ്റുഡിയോകൾ, ക്രിയേറ്റീവ് പ്രൊഡക്ഷൻ റൂമുകൾ എന്നിവയും ഇവിടെ സജ്ജീകരിക്കും. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടിയുള്ള പ്രത്യേക ക്രിയേറ്റീവ് സ്പേസുകളും വിദ്യാഭ്യാസ പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എന്നിവയുമായി ചേർന്നാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപയോക്താക്കൾക്ക് ലെറ്റ്‌സ്‌വർക്ക് പ്ലാറ്റ്‌ഫോം വഴി സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ദുബായ് ഇക്കണോമിക് അജണ്ട ഡി33 ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ചയും ജീവിതനിലവാരവും ഉറപ്പുവരുത്താൻ ഇത്തരം നൂതനമായ തൊഴിലിടങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അൽ ബർഷയ്ക്ക് പിന്നാലെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും ഈ വർഷം തന്നെ പദ്ധതി വ്യാപിപ്പിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. വിനോദത്തിനപ്പുറം നഗരത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുന്ന സാമ്പത്തിക കേന്ദ്രങ്ങളായി പാർക്കുകളെ മാറ്റുകയാണ് ഇതിലൂടെ ദുബായ് നഗരസഭ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version