
ഏഴ് വയസ്സുകാരിയായ സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 13കാരനായ എമിറാത്തി ബാലൻ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാസൽഖൈമ തീരത്താണ് ദാരുണ സംഭവം ഉണ്ടായത്. സഹോദരിക്കൊപ്പം ഉണ്ടായിരുന്ന 8, 9 വയസ്സുള്ള രണ്ട് ബന്ധുക്കളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ബാലന് കഴിഞ്ഞിരുന്നു. റാസൽഖൈമയിലെ സഊദി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഫ്ലെമിംഗോ ബീച്ചിലാണ് സംഭവം നടന്നത്.
രക്ഷപ്പെട്ട മൂന്ന് കുട്ടികളെയും അടിയന്തര സേവന വിഭാഗം ഉടൻ സഖർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് പിറ്റേദിവസം ഇവരെ ഡിസ്ചാർജ് ചെയ്തു. അതേസമയം, 13കാരനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
ശെയ്ഖ് റാഷിദ് ബിൻ സയീദ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് റാസൽഖൈമയിലെ അൽ സൽഹിയ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. അന്തിമോപചാര ചടങ്ങുകളിൽ പങ്കുചേരാൻ വൻ ജനാവലി എത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു എന്ന് പിതാവ് പറഞ്ഞു. അടുത്തിടെ മികച്ച മാർക്ക് നേടിയ റിപ്പോർട്ട് കാർഡുമായി വീട്ടിലെത്തിയ മകൻ, സമ്മാനമായി ‘ഐഫോൺ 17’ ആവശ്യപ്പെട്ടിരുന്നുവെന്നത് പിതാവ് വേദനയോടെ ഓർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t