
അബൂദബിയിൽ വാഹനത്തിന്റെ തകരാറുകൾ മറച്ചുവെച്ച് വിൽപന നടത്തിയ ആൾക്ക് കോടതി കനത്ത തിരിച്ചടി നൽകി. കാറിന്റെ വിലയായ 30,000 ദിർഹവും നഷ്ടപരിഹാരമായി 3,000 ദിർഹവും ഉൾപ്പെടെ ആകെ 33,000 ദിർഹം പരാതിക്കാരന് നൽകാനാണ് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി ഉത്തരവിട്ടത്.
സോഷ്യൽ മീഡിയയിലെ പരസ്യം വഴിയാണ് പരാതിക്കാരൻ പ്രതിയിൽ നിന്ന് കാർ വാങ്ങിയത്. എന്നാൽ വാഹനം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന് തകരാർ ഉണ്ടെന്ന കാര്യം മുൻ ഉടമയ്ക്ക് നേരത്തെ അറിയാമായിരുന്നു എന്ന് വ്യക്തമായതോടെ വാങ്ങിയ ആൾ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. കാറിന് നൽകിയ തുകയ്ക്ക് പുറമെ 20,000 ദിർഹം നഷ്ടപരിഹാരവും കോടതിച്ചെലവും ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി ഒരു സാങ്കേതിക വിദഗ്ധനെ നിയോഗിച്ച് കാർ വിശദമായി പരിശോധിപ്പിച്ചു. കാറിന് തകരാറുകൾ ഉണ്ടെന്നും അത് ബോധപൂർവ്വം മറച്ചുവെച്ചാണ് വിൽപന നടത്തിയതെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതോടെ പരാതിക്കാരന്റെ വാദം ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. വിറ്റ കാർ ഉടമ തിരികെ എടുക്കണമെന്നും വാങ്ങിയ തുകയായ 30,000 ദിർഹം മടക്കി നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 3,000 ദിർഹം അധികം നൽകാനും കോടതി ഉത്തരവിട്ടു. കേസ് നടത്തിപ്പിനുണ്ടായ ചെലവും പ്രതി തന്നെ വഹിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t