അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയും രാവിലെയുമായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി തകർത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ രണ്ട് പേർ മരിച്ചു. അബുദാബി സ്വൈഹാൻ സ്ട്രീറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി ഉണ്ടായ ആക്രമണശ്രമങ്ങളെയും ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

യുദ്ധം ശക്തമായതോടെ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കുവൈറ്റിലും സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും ഡ്രോണുകൾ വെടിവെച്ചിട്ടു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുന്നത് ലോക സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന സാമ്പത്തിക ഭീകരതയാണെന്ന് അഡ്‌നോക് സിഇഒ സുൽത്താൻ അൽ ജാബർ വ്യക്തമാക്കി. യുദ്ധസാഹചര്യം മുൻനിർത്തി ഒമാൻ എയർ ദുബായ്, കുവൈറ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള സർവീസുകൾ ഏപ്രിൽ 15 വരെ റദ്ദാക്കിയിരിക്കുകയാണ്. ഇസ്രയേൽ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ മേഖല പൂർണ്ണമായും യുദ്ധഭീതിയിലായിരിക്കുകയാണ്.

മേഖലയിലെ സംഘർഷവും എണ്ണവില വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. ഡോളറിന് 94 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള വിപണിയിലും എണ്ണ വിതരണത്തിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ സമാധാന നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ ലോകം വലിയൊരു സാമ്പത്തിക ആഘാതത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം

യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.

സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy