കനത്ത മഴ മുന്നറിയിപ്പ്: യുഎഇയിൽ മുൻകരുതൽ നിർദ്ദേശങ്ങൾ; നിയമം ലംഘിച്ചാൽ കനത്ത പിഴ!

യുഎഇയിൽ മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച് 27 വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ്, മഴ, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ന്യൂനമർദ്ദത്തെ തുടർന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനം മൂലം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻസിഎം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, അണക്കെട്ടുകൾ, വാദികൾ എന്നിവിടങ്ങളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. ശക്തമായ മഴക്കാലത്ത് കടൽയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

റോഡുകളിൽ യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കുകയും മുൻപിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും വേണം. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്നവ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വാദികളിൽ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷ. രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്ക് 1,000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവയും ലഭിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിന് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ചുമത്തും.

അടിയന്തര സഹായത്തിനായി ദുബായ് സിവിൽ ഡിഫൻസ് (997), ആംബുലൻസ് (998), ദുബായ് പൊലീസ് (999), ദീവ – DEWA (991), ആർടിഎ – RTA (800 9090) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാഹനങ്ങൾ ഓടിക്കുന്നവർ ബ്രേക്ക്, ടയർ, വൈപ്പർ തുടങ്ങിയവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. മൂടൽമഞ്ഞോ കാഴ്ചമറയോ ഉണ്ടെങ്കിൽ ഹെഡ്‌ലൈറ്റുകൾ തെളിക്കണം. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും പെട്ടെന്ന് ബ്രേക്ക് ഇടുന്നതും അപകടകരമായ ഓവർടേക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version