
ദുബായ്: ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ താൽക്കാലികമായി അടച്ചുപൂട്ടിയ ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു. എന്നാൽ ഇനി മുതൽ പ്രവേശനം സൗജന്യമായിരിക്കില്ല. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിക്കൊണ്ട് പ്രവേശനം നിയന്ത്രിക്കാനാണ് അധികൃതരുടെ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സഞ്ചാരികൾ കുറഞ്ഞ സാഹചര്യത്തിലായിരുന്നു മിറക്കിൾ ഗാർഡനിൽ സൗജന്യ പ്രവേശനം അനുവദിച്ചത്. എന്നാൽ പെരുന്നാൾ ദിനത്തിൽ ജനപ്രവാഹം ഉണ്ടായതോടെ ഗേറ്റും കടന്ന് റോഡുകളിലേക്കും പാർക്കിങ്ങിലേക്കും നീണ്ട വരികൾ ഗതാഗതക്കുരുക്കിനും വലിയ തിരക്കിനും കാരണമായി. ഇതേത്തുടർന്നാണ് പാർക്ക് താൽക്കാലികമായി അടച്ചിടേണ്ടി വന്നത്.
പുതിയ പരിഷ്കാരം അനുസരിച്ച് എമിറേറ്റ്സ് ഐഡി ഉള്ളവർക്ക് നികുതി ഉൾപ്പെടെ 52.5 ദിർഹം നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. സാധാരണ ഗതിയിൽ 73.5 ദിർഹമാണ് ഗാർഡനിലേക്കുള്ള ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. തിരക്ക് നിയന്ത്രിക്കുന്നതിലൂടെ സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt