റിഫൈനറികളുടെ അഞ്ചിലൊന്നും തകർന്നു; ലോകം കടുത്ത ഊർജപ്രതിസന്ധിയിലേക്ക്: യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി ട്രംപ്

ഇറാൻ നടത്തുന്ന ശക്തമായ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ എണ്ണ, വാതക ഉൽപാദനം പൂർണ്ണമായും താളംതെറ്റിയിരിക്കുകയാണ്. നിലവിലെ നാശനഷ്ടങ്ങൾ പരിഹരിച്ച് ഉൽപാദനം പൂർവസ്ഥിതിയിലാകാൻ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസി തലവൻ ഫാതിഹ് ബിറോൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ലോകത്തെ ആകെ എണ്ണ, വാതക ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് നിലവിൽ തടസ്സപ്പെട്ട അവസ്ഥയിലാണ്.

കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ മിനാ അൽ അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായതാണ് മേഖലയിലെ പ്രധാന തിരിച്ചടി. പ്രതിദിനം 7.4 ലക്ഷം ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറിയുടെ പ്രവർത്തനം ഇതോടെ താൽക്കാലികമായി നിർത്തിവെച്ചു. സൗദിയുടെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ 27 ഡ്രോണുകൾ പ്രതിരോധ സേന തകർത്തപ്പോൾ യുഎഇക്ക് നേരെ 4 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളുമാണ് ആക്രമണം നടത്തിയത്. യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 158 ആയി ഉയർന്നു. കൂടാതെ ബഹ്റൈനിലും ഖത്തറിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വിവിധ സംഭരണശാലകൾക്ക് തീപിടിച്ചിട്ടുണ്ട്.

ഇസ്രയേൽ ഇറാന്റെ വാതകപ്പാടങ്ങളിൽ ബോംബിട്ടതിന് പകരമായാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ റിഫൈനറികളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുന്നത്. സാഹചര്യം വിലയിരുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും ഉറപ്പുനൽകി. സംഘർഷം രൂക്ഷമായതോടെ ഏകദേശം 70,000 അമേരിക്കൻ പൗരന്മാർ ഇതിനോടകം തന്നെ മേഖലയിൽ നിന്ന് മടങ്ങിയതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നൽകുന്ന വിവരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version