പെരുന്നാൾ ലഹരിയിൽ യുഎഇ; മാളുകളിൽ ജനത്തിരക്ക്, ആട് 3 അടക്കം വമ്പൻ റിലീസുകളുമായി തിയറ്ററുകളും സജീവം

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ നിറവിൽ യുഎഇയിലെ വ്യാപാര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നു. റമസാൻ മാസത്തിലുടനീളം സജീവമായിരുന്ന റീട്ടെയിൽ വിപണി പെരുന്നാൾ അടുത്തതോടെ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കുടുംബസമേതം ഷോപ്പിങ്ങിനെത്തുന്ന പ്രവാസികളെയും സ്വദേശികളെയും കൊണ്ട് രാജ്യത്തെ പ്രമുഖ മാളുകളെല്ലാം നിറഞ്ഞുകവിഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. സ്കൂൾ അവധി കൂടി എത്തിയതോടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കാണ് വിപണിയിൽ ഇപ്പോൾ പ്രിയമേറെയുള്ളത്. ആകർഷകമായ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ഉപഭോക്താക്കളെ മാളുകളിലേക്ക് ആകർഷിക്കുന്നു. നേരിട്ടുള്ള ഷോപ്പിങ്ങിന് പുറമെ ഇ-കൊമേഴ്സ് രംഗത്തും മികച്ച ബിസിനസ്സാണ് നടക്കുന്നത്. ആകർഷകമായ വിലക്കുറവും വേഗത്തിലുള്ള ഡെലിവറി സൗകര്യങ്ങളും ഓൺലൈൻ വിപണിയെയും കൂടുതൽ പ്രിയങ്കരമാക്കി.

ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ തിയറ്ററുകളിൽ മലയാളമടക്കം വമ്പൻ സിനിമകളാണ് അണിനിരക്കുന്നത്. മലയാളികൾ ഏറെ കാത്തിരുന്ന ജയസൂര്യ ചിത്രം ആട് 3 ആണ് ഇതിൽ പ്രധാന ആകർഷണം. കൂടാതെ മലയാളത്തിൽ നിന്ന് സംഭവം അധ്യായം ഒന്ന് എന്ന ചിത്രവുമുണ്ട്. തെലുങ്കിൽ നിന്ന് രാംചരണിന്റെ ഉസ്താദ് ഭഗത് സിങ്ങും തമിഴിൽ നിന്ന് രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായ തായ് കിഴവിയും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി പ്രൊജക്ട് ഹാൾ മേരി, റിമൈൻഡേഴ്സ് ഓഫ് ഹിം, സ്ക്രീം എന്നീ ചിത്രങ്ങളും തിയറ്ററുകളിലുണ്ട്. വിവിധ കലാപരിപാടികൾക്കും വിനോദ പരിപാടികൾക്കും പുറമെ പുത്തൻ ചിത്രങ്ങൾ കൂടി എത്തിയതോടെ ഇത്തവണത്തെ ഈദ് ആഘോഷം പ്രവാസികൾക്ക് വലിയൊരു വിരുന്നായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിപണിയിലും തിയറ്ററുകളിലും തിരക്ക് ഇനിയും വർധിക്കുമെന്നാണ് വ്യാപാരികളുടെയും സിനിമാ പ്രവർത്തകരുടെയും കണക്കുകൂട്ടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy