യുഎഇയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയും മാറ്റി: സിബിഎസ്ഇ പത്താം ക്ലാസ് മൂല്യനിർണ്ണയത്തിന് പുതിയ ഫോർമുല

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യത്തെത്തുടർന്ന് യുഎഇയിൽ ഈ മാസം മുപ്പതാം തീയതി വരെ നടക്കേണ്ടിയിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ ആറാം തീയതി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പുതുക്കിയ തീയതികൾ പ്രഖ്യാപിക്കുക. സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ മേയ് മാസത്തിൽ നടത്തുന്ന സേ പരീക്ഷയ്ക്കൊപ്പം ഈ പരീക്ഷകൾ കൂടി നടത്താനുള്ള ആലോചനയിലാണ് അധികൃതർ. പരീക്ഷകൾ വൈകുന്നത് നാട്ടിൽ പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. അതേസമയം കുവൈത്തിൽ പെരുന്നാൾ അവധിക്ക് ശേഷവും സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾക്ക് പകരം അന്തിമ മാർക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ബോർഡ് പുറത്തുവിട്ടു. ഫെബ്രുവരി പതിനേഴ് മുതൽ ഇരുപത്തിയെട്ട് വരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണ്ണയം നടക്കുക. എല്ലാ പരീക്ഷകളും എഴുതിയവർക്ക് ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫലം നൽകും. നാല് പരീക്ഷകൾ എഴുതിയവർക്ക് അതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്തായിരിക്കും എഴുതാത്ത പരീക്ഷകൾക്ക് മാർക്ക് നൽകുക. മൂന്ന് വിഷയങ്ങൾ മാത്രം എഴുതിയവർക്ക് ഉയർന്ന മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരിയും രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർക്ക് ആ വിഷയങ്ങളുടെ ശരാശരിയും മറ്റ് പേപ്പറുകൾക്ക് നൽകും. കംപാർട്ട്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഫലം നൽകുകയോ അല്ലെങ്കിൽ സിബിഎസ്ഇ പിന്നീട് നടത്തുന്ന രണ്ടാം ബോർഡ് പരീക്ഷയിൽ അവസരം നൽകുകയോ ചെയ്യും. യുഎഇ ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങളിലെ അമ്പതിനായിരത്തോളം വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കും. പന്ത്രണ്ടാം ക്ലാസുകാരുടെ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ ഉടൻ തന്നെ ബോർഡ് വ്യക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version