പെരുന്നാൾ വെള്ളിയാഴ്ചയോ? യുഎഇയിൽ മാസപ്പിറവി നിരീക്ഷണം ഇന്ന്; പ്രവാസികൾ കാത്തിരിപ്പിൽ!

യുഎഇയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായുള്ള ഔദ്യോഗിക ചന്ദ്രദർശന സമിതി ഇന്ന് വൈകിട്ട് അബുദാബിയിൽ യോഗം ചേരും. ഫത്‌വ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഒബ്‌സർവേറ്ററികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തി പെരുന്നാൾ പ്രഖ്യാപനം നടത്തും. റമസാൻ 29 ആയ ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷമാണ് സമിതി ഒത്തുചേരുന്നത്. പൊതുജനങ്ങളും മാസപ്പിറവി നിരീക്ഷിക്കണമെന്നും ചന്ദ്രനെ ദർശിക്കുന്നവർ ഔദ്യോഗിക ലിങ്ക് വഴി വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും യുഎഇയിൽ ഈദുൽ ഫിത്ർ ആഘോഷിക്കുക. പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ മാർച്ച് 22 വരെ നാല് ദിവസത്തെ അവധി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാസപ്പിറവി ദൃശ്യമായാൽ നാളെ പെരുന്നാൾ ആഘോഷിക്കുമെങ്കിലും, വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് ജ്യോതിശാസ്ത്ര വിദഗ്ധർ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version