യുഎഇയിൽ മൊബൈൽ എടുത്ത് ഷൂട്ട് ചെയ്യുന്നവർ സൂക്ഷിക്കുക; വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചാൽ വൻ പിഴയും തടവും!

മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കെ വ്യാജ വാർത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. തെറ്റായ വിവരങ്ങൾ ഓൺലൈൻ വഴി പങ്കുവെച്ചതിന് സ്വദേശികളും വിദേശികളും അടക്കം നിരവധി പേരെ ഇതിനോടകം അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള ശബ്ദസന്ദേശങ്ങൾ, എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ, പഴയ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് നടപടി കടുപ്പിച്ചത്.

മാർച്ച് 15-ന് മാത്രം വിവിധ രാജ്യക്കാരായ 25 പേരെയാണ് അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ, അബുദാബി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 45 പേരെ കൂടി പിടികൂടിയിട്ടുണ്ട്. മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ സംഭവസ്ഥലത്ത് കൂട്ടംചേരുക, വിദ്വേഷം പടർത്തുന്ന രീതിയിൽ ശത്രുരാജ്യത്തിന്റെ നീക്കങ്ങളെ പ്രകീർത്തിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.

നിയമം ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. വ്യാജ വിവരങ്ങൾ നിർമ്മിക്കുന്നവർ മാത്രമല്ല, അവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നവരും തുല്യകുറ്റക്കാരായിരിക്കും. ഡ്രോൺ, മിസൈൽ അവശിഷ്ടങ്ങൾ വീണുകിടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നത് മാർച്ച് 6 മുതൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങൾ യഥാർത്ഥമെന്ന് തോന്നിപ്പിക്കുമെന്നതിനാൽ ഓൺലൈൻ വാർത്തകൾ ഷെയർ ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. റമദാൻ കാലയളവിൽ അനാവശ്യ ഭീതി പടർത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രവാസികൾ ഉൾപ്പെടെയുള്ളവർ വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy