സംഘർഷ സാഹചര്യം: ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വീസ കാലാവധി നീട്ടും, ഓവർസ്റ്റേ പിഴ ഒഴിവാക്കി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ തുടരേണ്ടിവന്ന ഗൾഫ് പൗരന്മാരടക്കമുള്ള വിദേശികൾക്ക് ആശ്വാസകരമായ നടപടികളുമായി ഇന്ത്യൻ സർക്കാർ. വീസ കാലാവധി നീട്ടുകയും ഓവർസ്റ്റേ പിഴകൾ ഒഴിവാക്കുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പിൽ, കാലാവധി അവസാനിക്കുന്ന ഇന്ത്യൻ വീസകളും ഇ-വീസകളും ഒരു മാസത്തേക്ക് സൗജന്യമായി നീട്ടി നൽകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫിസുകൾ (FRRO) ഓരോരുത്തരുടെയും സാഹചര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഈ ഇളവ് അനുവദിക്കുക. ഈ വർഷം ഫെബ്രുവരി 28ന് ശേഷം പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ത്യയിൽ തുടരേണ്ടി വന്നതും അതിനിടെ വീസ കാലാവധി കഴിഞ്ഞതുമായ വിദേശ പൗരന്മാർക്ക് ഓവർസ്റ്റേ പിഴ പൂർണമായും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം യാത്രക്കാർക്ക് ഇന്ത്യ വിട്ടുപോകുന്നതിനാവശ്യമായ എക്സിറ്റ് പെർമിറ്റുകളും യാതൊരു ഫീസുമില്ലാതെ അനുവദിക്കും. വീസ നീട്ടുന്നതിനോ എക്സിറ്റ് പെർമിറ്റ് നേടുന്നതിനോ അപേക്ഷിക്കാൻ കഴിയാത്തത് കുടിയേറ്റ നിയമലംഘനമായി കണക്കാക്കില്ലെന്നതും പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.

കൂടാതെ, സംഘർഷ സാഹചര്യം മൂലം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെ തുടർന്ന് ഇന്ത്യയിൽ എത്തുന്ന വിദേശികൾക്ക് സൗജന്യ താൽക്കാലിക ലാൻഡിങ് പെർമിറ്റ് നൽകുമെന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിലെത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വിദേശികൾക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ ഈ മാനുഷിക നടപടി. അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version