കുവൈത്തിൽ ‘സഹേൽ’ ആപ്പിന് താൽക്കാലിക നിയന്ത്രണം; ചില ഇ-സേവനങ്ങൾ ലഭ്യമല്ല

രാജ്യത്തിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് ചില ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് നീതിന്യായ മന്ത്രാലയം അറിയിച്ചു. ലിറ്റിഗന്റുകൾക്കായി ‘സഹേൽ’ മൊബൈൽ ആപ്പിലും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുമായി ലഭ്യമായിരുന്ന ചില സേവനങ്ങളാണ് ഇതിന്റെ ഭാഗമായി താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കടബാധ്യതയുമായി ബന്ധപ്പെട്ട അറസ്റ്റ് നടപടികളിൽ പ്രത്യേക ഇളവ് നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി. കടബാധ്യതയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കൽ, അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കൽ എന്നിവയ്ക്കായുള്ള ഓൺലൈൻ സേവനങ്ങളാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്. എന്നാൽ മറ്റ് ഇലക്ട്രോണിക് സേവനങ്ങൾ സാധാരണ പോലെ തുടരുമെന്നും അധികൃതർ അറിയിച്ചു.

സ്ഥിതി സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഈ സേവനങ്ങൾ വീണ്ടും പുനരാരംഭിക്കുമെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് വ്യക്തമാക്കി. ഇതിനിടെ 371 എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ അറസ്റ്റ് വാറന്റുകൾ ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. ഇതിൽ ജയിലിലായിരുന്ന 53 പേരും ഉൾപ്പെടുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് മൊത്തം 231,526 ദിനാർ കുടിശ്ശിക തീർപ്പാക്കിയതായും റിപ്പോർട്ടുണ്ട്. ഇതിൽ 114,779 ദിനാർ പൊതുശിക്ഷാ എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അനുവദിച്ചത്. അതേസമയം പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പ്രവേശനം നൽകുന്ന ജൂനിയർ ലീഗൽ റിസർച്ചർ (2024–2025 ബാച്ച്) നിയമനത്തിനായുള്ള അപേക്ഷ സ്വീകരിക്കൽ മന്ത്രാലയം അവസാനിപ്പിച്ചു. ഓൺലൈൻ വഴി ആകെ 855 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകൾ പരിശോധിച്ച ശേഷം തിരഞ്ഞെടുപ്പ് നടപടികളുടെ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നീതിന്യായ മേഖലയിലെ ‘കുവൈത്തൈസേഷൻ’ നയത്തിന്റെ ഭാഗമായി യോഗ്യരായ സ്വദേശികളെ ഇത്തരം തസ്തികകളിലേക്ക് നിയമിക്കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version