
മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്. മാർച്ച് മാസത്തിലെ ആദ്യവാരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നീതി മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആൻഡ് ഡോക്യുമെന്റേഷൻ വകുപ്പ് പുറത്തുവിട്ട മാർച്ച് 1 മുതൽ 5 വരെയുള്ള പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 31.25 ശതമാനവും മൊത്തം ഇടപാട് മൂല്യത്തിൽ 41.83 ശതമാനവും കുറവ് രേഖപ്പെടുത്തി. മാർച്ചിന്റെ ആദ്യവാരത്തിൽ 35.85 ദശലക്ഷം കുവൈത്തി ദിനാർ മൂല്യമുള്ള 66 ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 61.65 ദശലക്ഷം ദിനാർ മൂല്യമുള്ള 96 ഇടപാടുകളായിരുന്നു നടന്നത്. താമസ മേഖലയിൽ ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും മൂല്യത്തിൽ ഇടിവ് അനുഭവപ്പെട്ടു. ആകെ ഇടപാടുകളുടെ 75.75 ശതമാനവും ഈ മേഖലയിലായിരുന്നു. 18.11 ദശലക്ഷം ദിനാർ മൂല്യമുള്ള 50 ഇടപാടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്.
നിക്ഷേപ മേഖലയിലും ഇടിവ് പ്രകടമാണ്. ഇടപാടുകളുടെ എണ്ണത്തിൽ 63.15 ശതമാനവും മൂല്യത്തിൽ 24 ശതമാനവും കുറവ് രേഖപ്പെടുത്തി. 9.74 ദശലക്ഷം ദിനാർ മൂല്യമുള്ള 14 ഇടപാടുകൾ മാത്രമാണ് ഈ വിഭാഗത്തിൽ നടന്നത്. വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. കഴിഞ്ഞ ചില മാസങ്ങൾക്കുശേഷം ആദ്യമായാണ് ഈ മേഖലയിൽ ഒരു ഇടപാടും രേഖപ്പെടുത്താത്തത്. അതേസമയം വെയർഹൗസ് മേഖലയിലായി 8 ദശലക്ഷം ദിനാർ മൂല്യമുള്ള രണ്ട് ഇടപാടുകൾ മാത്രമാണ് നടന്നത്. പ്രദേശത്തെ നിലവിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപകരിൽ അനിശ്ചിതത്വവും ജാഗ്രതയും വർധിപ്പിച്ചതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇതിന്റെ ഫലമായി പലരും നിക്ഷേപ തീരുമാനങ്ങൾ മാറ്റിവെച്ച് കാത്തിരിപ്പുനിലപാട് സ്വീകരിച്ചിരിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd