യുഎഇയിൽ വാഹനം പരിശോധിക്കാൻ ഇറങ്ങി, മറ്റൊരു അപകടത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഉണ്ടായ അപകടത്തിൽ വാഹനത്തിൽ നിന്ന് ഇറങ്ങി കേടുപാടുകൾ പരിശോധിച്ച ഡ്രൈവർ മറ്റൊരു വാഹനമിടിച്ച് മരിച്ചതായി പൊലീസ് അറിയിച്ചു. അൽ യലായിസ് പാലത്തിന് സമീപം അബുദാബിയിലേക്കുള്ള പാതയിലാണ് ദാരുണ സംഭവം നടന്നത്. രണ്ട് വാഹനങ്ങൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിക്ക് പിന്നാലെ, ഡ്രൈവർമാർ വാഹനങ്ങൾ റോഡിന്റെ ഇടതുവശത്തുള്ള അത്യാഹിത പാതയിൽ നിർത്തിയിരുന്നു. ഇതിൽ ഒരാൾ വാഹനത്തിൽ നിന്നിറങ്ങി കേടുപാടുകൾ പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇയാളെ ഇടിക്കുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നതിനാൽ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

അപകടത്തെത്തുടർന്ന് ദുബായ് ട്രാഫിക് വിഭാഗം ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ തകരാറിലാകുകയോ ചെയ്താൽ റോഡരികിൽ നിർത്താതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അത്യാഹിത പാതകളിൽ വാഹനം നിർത്തുന്നത് അപകടകരമാണെന്നും, സാധ്യമായിടത്ത് സുരക്ഷിതമായ ഇടങ്ങളിലേക്ക് വാഹനം മാറ്റണമെന്നും പൊലീസ് വ്യക്തമാക്കി. അമിതവേഗം ഒഴിവാക്കുകയും മുൻവാഹനവുമായി മതിയായ അകലം പാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അധികൃതർ ഓർമ്മിപ്പിച്ചു. റോഡരികിൽ അശ്രദ്ധമായി വാഹനം നിർത്തുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ഭാവിയിൽ കർശന നടപടിയും പിഴയും ഏർപ്പെടുത്തുമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy